സുനേത്ര പവാർ രാജ്യസഭയിലേക്ക്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ രാജ്യസഭാ സീറ്റിൽ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ പത്രിക നൽകി. മഹാരാഷ്ട്ര മന്ത്രിയായ ഛഗൻ ഭുജ്ബൽ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഭുജ്ബൽ, പ്രഫുൽ പട്ടേൽ എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച സുനേത്ര പത്രിക നൽകിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബാരാമതി സീറ്റിൽ പവാറിന്റെ മകൾ സുപ്രിയയോട് സുനേത്ര പരാജയപ്പെട്ടത് അജിത് പവാറിന് കനത്ത തിരിച്ചടിയാണ്. അണികളുടെ സമ്മർദത്തെ തുടർന്നാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നതെന്നാണ് സുനേത്രയുടെ പ്രതികരണം.
സുനേത്രയെ രാജ്യസഭ വഴി മൂന്നാം മോദി സർക്കാറിൽ സഹമന്ത്രിയാക്കണമെന്ന് പുണെ ജില്ല എൻ.സി.പി ആവശ്യപ്പെട്ടിരുന്നു. മോദി സർക്കാറിൽ അജിത്ത് പക്ഷത്തിന് സഹമന്ത്രിസ്ഥാനം നൽകാൻ ബി.ജെ.പി തയാറാണ്. കാബിനറ്റ് പദവി ആവശ്യപ്പെട്ട അജിത്ത് പക്ഷം സഹമന്ത്രിപദം സ്വീകരിച്ചിട്ടില്ല. അജിത് പക്ഷ നേതാവ് പ്രഫുൽ പട്ടേൽ രാജിവെച്ചതിനെ തുടർന്നാണ് രാജ്യസഭ സീറ്റ് ഒഴിവുവന്നത്.
നാലുവർഷം ബാക്കിനിൽക്കെ അംഗത്വം രാജിവെച്ച് പ്രഫുൽ പുതുതായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പാർട്ടി പിളർപ്പിനെ തുടർന്ന് ശരദ് പവാർ പക്ഷം നൽകിയ അയോഗ്യത ഹരജി പ്രതികൂലമാകാൻ സാധ്യതയുള്ളതിനാലാണ് രാജി. സുനേത്രക്ക് എതിരെ പവാർ പക്ഷം മത്സരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.