32 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ 32 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ കറൻ നഗറിനടുത്ത സി.ആർ.പി.എഫ് ക്യാമ്പിനുനേരെ ആക്രമണം നടത്താനുള്ള ശ്രമം സൈന്യം പരാജയപ്പെടുത്തിയതോടെ ഭീകരർ സമീപത്തെ നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഒളിക്കുകയായിരുന്നു. തുടർന്ന് ഒരു ദിവസത്തിലേറെ നീണ്ട ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരർ കൊല്ലപ്പെട്ടത്. ഭീകരരുടെ പേരോ ഏതു സംഘടനയിൽെപട്ടവരാണെന്നോ തിരിച്ചറിഞ്ഞിട്ടില്ല.
വെടിവെപ്പിനിടെ പരിക്കേറ്റ സി.ആർ.പി.എഫ് 49ാം ബറ്റാലിയൻ അംഗമായ ജവാൻ തിങ്കളാഴ്ച മരിച്ചിരുന്നു. തിങ്കളാഴ്ച പുലർെച്ച 4.30നാണ് ഭീകരാക്രമണമുണ്ടായത്. ആയുധങ്ങളുമായി എത്തിയ ഭീകരരെ പ്രവേശന കവാടത്തിനടുത്ത് കണ്ടതോടെ കാവൽക്കാരൻ വെടിവെക്കുകയായിരുന്നു. ഇതോടെ ഭീകരർ സമീപത്തെ കെട്ടിടത്തിലേക്ക് ഒാടിക്കയറി. തുടർന്ന് സൈന്യം കെട്ടിടം വളയുകയും ഭീകരരെ നേരിടുകയുമായിരുന്നു. രണ്ടാം ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ചൊവ്വാഴ്ചയാണ് രണ്ടു മൃതദേഹം കണ്ടെടുത്തതെന്ന് ജമ്മു-കശ്മീർ ഡി.ജി.പി എസ്.പി. വൈദ് അറിയിച്ചു.
അതിനിടെ, മെറ്റാരു സൈനിക ക്യാമ്പ് ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജമ്മു-അഖ്നൂർ റോഡിലെ ക്യാമ്പിൽ തിങ്കളാഴ്ച പുലർച്ചെ 4.30 ഒാടെ ബൈക്കിലെത്തിയ ഭീകരരെ സുരക്ഷ സൈനികർ തടയുകയായിരുന്നു. എന്നാൽ, ഇവർ ആക്രമണത്തിന് തുനിഞ്ഞതോടെ സൈന്യം തിരിച്ച് വെടിവെച്ചു. ഇതോടെ രക്ഷപ്പെട്ട ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനിക വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു.
കഴിഞ്ഞദിവസം സുന്ജ്വാൻ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ എണ്ണം ആറായി. തിങ്കളാഴ്ച പ്രദേശത്തുനിന്ന് ഒരു സൈനികെൻറ മൃതദേഹം കൂടി കണ്ടെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സുൻജ്വാൻ സൈനിക ക്യാമ്പിനുനേരെ ആക്രമണമുണ്ടായത്. ആറു സൈനികരും ഒരു സൈനികെൻറ പിതാവുമാണ് കൊല്ലപ്പെട്ടത്. സൈന്യത്തിെൻറ തിരിച്ചടിയിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടിരുന്നു.
സൈനിക ക്യാമ്പുകൾക്കു സമീപം അധികൃതരുടെ അനുമതിയോടെ സൈനികേതര താമസകേന്ദ്രങ്ങൾ നിർമിക്കുന്നത് പ്രശ്നം സൃഷ്ടിക്കുന്നതായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തിെൻറ എല്ലാഭാഗത്തും സൈനിക ക്യാമ്പുകളോട് ചേർന്ന് സൈനികേതര താമസ കേന്ദ്രങ്ങൾ നിർമിക്കുന്നുണ്ട്. ഇത് അധികൃതരുടെ അനുമതിയോടെയാണെന്നതിനാൽ പൊളിച്ചുനീക്കുക എളുപ്പമല്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് പഠിച്ചുവരുകയാണ് -മന്ത്രി പറഞ്ഞു. സുന്ജ്വാൻ സൈനിക ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.