ഇരട്ട പ്രസവിച്ച യുവതിയെ തീണ്ടാപ്പാടകലെ ഷെഡിൽ കിടത്തി; കുഞ്ഞുങ്ങൾ മരിച്ചു
text_fieldsമംഗളൂരു: കന്നി പ്രസവത്തിൽ ഇരട്ടകൾ പിറന്ന യുവതിയെ ഭർത്താവും ബന്ധുക്കളും വീട്ടിൽ നിന്ന് തീണ്ടാപ്പാടകലെ ജീർണിച്ച കുടിലിൽ കിടത്തി. ചോരുന്ന മേൽക്കൂരയിലൂടെ ഇറങ്ങിയ മഴവെള്ളം നനഞ്ഞ് രണ്ട് ചോരപ്പൈതലുകളും മരിച്ചു. കഡുഗൊള്ള സമുദായത്തിന്റെ അന്ധവിശ്വാസ ഇരയാണ് യുവതി എന്നാണ് പ്രാഥമിക വിവരം.
ഒരാഴ്ച മുമ്പ് കൊറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മല്ലെനഹള്ളി ഗ്രാമത്തിൽ നടന്ന ഈ സംഭവം തുമകുറു ജില്ല ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറിയും ജഡ്ജിയുമായ നൂറുന്നിസ പരിശോധനക്ക് എത്തിയപ്പോഴാണ് പുറം ലോകം അറിയുന്നത്. ഇടിഞ്ഞു വീഴാറായ കുടിലിൽ തന്റെ അരുമകളെ നഷ്ടമായതിന്റെ ദുഃഖം താങ്ങാനാവാതെ അവശനിലയിൽ കിടക്കുന്ന യുവതിയെ നൂറുന്നിസ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.
യുവതിയുടെ ഭർത്താവ് ഉൾപ്പെടെ വീട്ടിലെ അംഗങ്ങളിൽ നിന്ന് ജഡ്ജി മൊഴിയെടുത്തു. പരിസരവാസികൾ, ഗ്രാമപ്രമുഖർ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർത്ത് യുവതിക്ക് മതിയായ സംരക്ഷണം നൽകേണ്ടതിന്റെ അനിവര്യത ഉണർത്തി. കർണാടക ഹൈകോടതിയുടെ കീഴിലുള്ള കർണാടക ലീഗൽ സർവിസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ സംഭവത്തിന്റെ തുടരന്വേഷണം നടക്കും.
നൂറുന്നിസയുടെ നിർദേശത്തിന്റേയും തുമകൂറു താലൂക്ക് വനിത-ശിശു വികസന അധികൃതരുടെ പരാതിയുടേയും അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിനും കുടുബത്തിലെ മറ്റു അംഗങ്ങൾക്കും എതിരെ കൊറ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.