ഫലസ്തീനുള്ള പിന്തുണ ദേശീയ താൽപര്യം -സആദതുല്ലാ ഹുസൈനി
text_fieldsന്യൂഡൽഹി: ഫലസ്തീനുള്ള പിന്തുണ രാജ്യത്തിന്‍റെ ദേശീയ താൽപര്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സആദതുല്ലാ ഹുസൈനി അഭിപ്രായപ്പെട്ടു. ഇക്കാര്യം രാജ്യത്തെ ജനങ്ങളോട് നാം പറയേണ്ടതുണ്ടെന്നും ഹുസൈനി വ്യക്തമാക്കി.
ഫലസ്തീനിൽ അടിച്ചമർത്തുന്നവർക്കെതിരെ നാം ശബ്ദിക്കുന്നില്ലെങ്കിൽ നാം നമ്മുടെ രാജ്യത്തിനെതിരെ തന്നെയാണ് നിലകൊള്ളുന്നത്. എന്നാൽ ഡൽഹിയിൽ ഈയർഥത്തിൽ ഒരു പൊതുപരിപാടി പോലും അനുവദിക്കുന്നില്ലെന്ന് ഹുസൈനി കുറ്റപ്പെടുത്തി.
ഫലസ്തീൻ വിഷയത്തിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. പ്രതിഷേധങ്ങളും റാലികളും തടയാൻ സർക്കാറിന് കഴിയും. എന്നാൽ, മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്നും യഥാർഥ വിവരങ്ങൾ എത്തിക്കണം. ഫലസ്തീൻ വിഷയത്തിൽ മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകാൻ ശ്രമിക്കുമ്പോൾ യഥാർഥ പ്രശ്നങ്ങൾ ജനങ്ങളിലെത്തിക്കുക നമ്മുടെ ഉത്തരവാദിത്തമാണ്.
നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന രാഷ്ട്രമാണ് ഫലസ്തീനെന്നും ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരവും പ്രാകൃതവുമായ രാജ്യമാണ് ഇസ്രായേലെന്നും ജനങ്ങളോട് പറയണം. ആധുനിക ലോകത്തെ അടിസ്ഥാനമൂല്യങ്ങളായ ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശം, വംശീയ സമത്വം, ഇവയെല്ലാം ഇന്ന് ഫലസ്തീനിൽ ലംഘിക്കപ്പെടുകയാണ്. അതുകൊണ്ട് ഫലസ്തീൻ പ്രശ്നം ഒരു രാജ്യത്തിന്‍റെ മാത്രം പ്രശ്നമല്ല, അത് മുഴുവൻ മനുഷ്യരാശിയുടെയും പ്രശ്നമാണ്. നമ്മുടെ മൂല്യങ്ങളെ ഈ രീതിയിൽ ചവിട്ടിമെതിക്കാൻ അനുവദിച്ചാൽ, കഴിഞ്ഞ ഇരുനൂറ് വർഷങ്ങളിൽ നാം നേടിയത് ഗസ്സയ്‌ക്കൊപ്പം തകർക്കപ്പെടുകയും കുഴിച്ചിടുകയും ചെയ്യേണ്ടിവരും -സയ്യിദ് സആദതുല്ലാ ഹുസൈനി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.