എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാരം മൂന്നു മാസത്തിനകം നല്‍കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരതുക കീടനാശിനി കമ്പനികളില്‍നിന്ന് ഈടാക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്‍െറ പടം ഉപയോഗിച്ച് പത്രപരസ്യം ചെയ്തതിന് കീടനാശിനി കമ്പനികളുടെ സംഘടനക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനും സുപ്രീംകോടതി തീരുമാനിച്ചു. നഷ്ടപരിഹാര വിതരണം മൂന്നു മാസത്തിനകം നടത്തണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ബെഞ്ച് കേരള സര്‍ക്കാറിനോട് ഉത്തരവിട്ടു. കീടനാശിനി കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സംസ്ഥാനത്തിന് നിയമനടപടി സ്വീകരിക്കാം. ആവശ്യമെങ്കില്‍ നിയമനിര്‍മാണവും നടത്താം. മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവ് പ്രകാരം ഇരകള്‍ക്ക് അഞ്ചു ലക്ഷംരൂപ വീതം നഷ്ടപരിഹാരം നല്‍കാമെന്ന് സംസ്ഥാനം ഉറപ്പു നല്‍കിയിരുന്നതാണെന്നും അത് നടപ്പാക്കുകയാണ് വേണ്ടതെന്നുമാണ് കീടനാശിനി കമ്പനികള്‍ വാദിച്ചത്.
ദേശീയ മനുഷ്യാവകാശ കമീഷനാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ നഷ്ടപരിഹാരവും സൗജന്യ ചികിത്സയും മറ്റും നല്‍കാന്‍ ഉത്തരവിട്ടത്. എന്നാല്‍, ഉത്തരവ് പ്രകാരം അര്‍ഹരായ എല്ലാവര്‍ക്കും മുഴുവന്‍ തുകയും ഇതുവരെ നഷ്ടപരിഹാരമായി ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് കാരണക്കാരായ കീടനാശിനി കമ്പനികളില്‍നിന്ന് ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി. ഇരകള്‍ക്ക് ഓരോരുത്തര്‍ക്കും അഞ്ചു ലക്ഷം രൂപവീതം മൂന്നു മാസത്തിനകം കൈമാറണം. ഇരകള്‍ക്ക് ആജീവനാന്ത വൈദ്യപരിരക്ഷ ഉറപ്പുവരുത്തണം. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു.
നഷ്ടപരിഹാരത്തിനായി 483 കോടി രൂപയുടെ പാക്കേജ് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരത്തിന് കേന്ദ്രത്തെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാറിന്‍െറ ബാധ്യതയാണെന്നും എന്നാല്‍, ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നതെന്നും ചോദിച്ചു.
2012ല്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ ചിത്രം സഹിതം ദിനപത്രങ്ങളില്‍ നല്‍കിയ പരസ്യവുമായി ബന്ധപ്പെട്ടാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മാണകമ്പനികളുടെ സംഘടനയായ സെന്‍റര്‍ ഫോര്‍ എന്‍വയണ്‍മെന്‍റല്‍ ആന്‍ഡ് ആഗ്രോ കെമിക്കല്‍സിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതി തീരുമാനിച്ചത്. ഡി.വൈ.എഫ്.ഐയുടെ അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലാണ് പരസ്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. കമ്പനികള്‍ക്ക് നോട്ടീസ് അയച്ച കോടതി ഇക്കാര്യത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഒരുങ്ങിക്കോളൂവെന്ന മുന്നറിയിപ്പും നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.