സായുധ സേനാംഗങ്ങൾക്കെതിരായ എഫ്.െഎ.ആർ റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ, മണിപ്പൂർ എന്നിവ ഉൾപ്പെടെ അഫ്സ്പ ബാധകമായ സംസ്ഥാനങ്ങളിൽ സായുധസേനാംഗങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.െഎ.ആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 300 സായുധസേനാംഗങ്ങൾ ചേർന്ന് സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നത് ഭീകരവാദത്തിനെതിരെ പോരാടുന്ന സൈനികരുടെ ആത്മവിശ്വാസം തകർക്കുമെന്ന കേന്ദ്രസർക്കാർ വാദം കോടതി തള്ളി. സൈനികരുടെ അപേക്ഷയെ പിന്തുണച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഭീകരർക്കെതിരെ കൈകൾ വിറക്കാതെ പോരാടാൻ സൈനികരെ സഹായിക്കുന്ന ഒരു സംവിധാനത്തിനായി ചർച്ചയും സംവാദങ്ങളും ആവശ്യമാണെന്ന് പറഞ്ഞുനോക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല.
വിമതപ്രവർത്തനങ്ങൾ ശക്തമായ മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് നിയമപരമായ സംരക്ഷണം നൽകുന്നതാണ് സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ). കലുഷിത മേഖലകളിൽ സന്തുലിതമായ ഒരു സംവിധാനം ആവശ്യമാണെന്ന് കേന്ദ്രം വാദിച്ചപ്പോൾ, അത്തരമൊരു സംവിധാനം കൊണ്ടുവരുന്നതിൽനിന്ന് കേന്ദ്രത്തെ തടയുന്നതാരാണെന്ന് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് ചോദിച്ചു. സന്തുലിത സംവിധാനത്തിനായുള്ള ചർച്ചകൾ തടയരുതെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞപ്പോൾ, അത്തരം ചർച്ചകൾ നിങ്ങൾക്ക് തുടരാമെന്നും അത് കോടതിയുടെ ജോലിയല്ലെന്നും ഒാർമിപ്പിച്ചു.
മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊലകൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈന്യത്തിലെയും അസം റൈഫ്ൾസിലെയും പൊലീസിലെയും അംഗങ്ങളാണ് ഹരജി സമർപ്പിച്ചത്. സൈനിക നിയമങ്ങൾ പ്രകാരം കുറ്റക്കാരായ സൈനികർക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ അവരെ വെറുതെ വിടുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. കുറ്റം തെളിഞ്ഞിട്ടും കുറ്റക്കാർ രക്ഷപ്പെട്ട കേസുകളും ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.