സ്വവർഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതപ്രകാരമുള്ള സ്വവർഗരതി ഇനി ക്രിമിനൽ കുറ്റമല്ല. പ്രകൃതിവിരുദ്ധമായ സ്വവർഗരതി ജീവപര്യന്തം തടവിനു വിധിക്കാവുന്ന കുറ്റമായി വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് സുപ്രീംകോടതി ഭാഗികമായി റദ്ദാക്കി. നിർബന്ധ പ്രേരണ, കുട്ടികളെയോ മൃഗങ്ങളെയോ ദുരുപയോഗിക്കൽ എന്നിവ വഴിയുള്ള സ്വവർഗരതി ഇൗ വകുപ്പു പ്രകാരം തുടർന്നും ശിക്ഷാർഹമായിരിക്കും.
157 വർഷം പഴക്കമുള്ള നിയമവ്യവസ്ഥ ഇല്ലാതാക്കാൻ കഴിയുന്ന വിധം വ്യത്യസ്തതകൾ അംഗീകരിക്കാൻ ഇന്ത്യൻ സമൂഹം പക്വതയാർജിച്ചുവെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുെട നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് സുപ്രധാന വിധിന്യായം നടത്തിയത്. കോടതി നിരീക്ഷണങ്ങൾ:
- സ്വവർഗാനുരാഗം ഒരു മനോവൈകല്യമല്ല. പൂർണമായും സ്വാഭാവിക അവസ്ഥ തന്നെ. ലൈംഗിക താൽപര്യങ്ങൾ ജൈവ പ്രതിഭാസമാണ്. അതിെൻറ പേരിൽ വിവേചനം കാട്ടുന്നത് മൗലികാവകാശ ലംഘനമാണ്. സ്വവർഗാനുരാഗികൾക്ക് മറ്റെല്ലാ പൗരന്മാരെയുംപോലെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളുമുണ്ട്. ലൈംഗിക താൽപര്യങ്ങൾക്കുള്ള അവകാശം നിഷേധിക്കുന്നത് സ്വകാര്യതക്കുള്ള അവകാശം നിഷേധിക്കുന്നതിനു തുല്യമാണ്.
- പ്രായപൂർത്തിയായവർ ലൈംഗികമായ ബന്ധം എങ്ങനെ വെച്ചുപുലർത്തണമെന്ന് നിശ്ചയിക്കാൻ സമൂഹത്തിന് അവകാശമില്ല. അത് വ്യക്തിസ്വകാര്യതയാണ്. ഭരണഘടനാപരമായ ധാർമികതക്ക് വഴികാേട്ടണ്ടത് ഭൂരിപക്ഷത്തിെൻറ ധാർമികതയല്ല. എല്ലാവരെയും ഉൾച്ചേർക്കുന്ന സമൂഹത്തിനുവേണ്ടിയാണ് ഭരണഘടന.
- സ്ത്രീ-പുരുഷ ഭേദമില്ലാത്ത തുല്യതയാണ് അനുരാഗത്തിെൻറ കാര്യത്തിൽ വേണ്ടത്. ഇക്കാര്യത്തിൽ സാമൂഹിക മനോഭാവം മാറ്റേണ്ട സമയമായി. ചരിത്രം തിരുത്താനാവില്ല. എന്നാൽ, മെച്ചപ്പെട്ട ഭാവിക്കുവേണ്ടി വഴിയൊരുക്കാനാവും. സ്വകാര്യമായി പരസ്പര സമ്മതത്തോടെ, പ്രകൃതിവിരുദ്ധമെന്നു വിശേഷിപ്പിക്കുന്ന ലൈംഗികവേഴ്ച നടത്തുന്നത് സമൂഹത്തിന് ദോഷം ചെയ്യുന്നില്ല. പകർച്ചവ്യാധിയുമല്ല. സമൂഹത്തിെൻറ അന്തസ്സിനെ ബാധിക്കുന്നില്ല.
- സ്വവർഗാനുരാഗികൾ ഒളിജീവിതത്തിനും രണ്ടാംകിട പൗരന്മാരായി കഴിയാനും നിർബന്ധിക്കപ്പെടുന്ന സാമൂഹിക അവസ്ഥയാണുള്ളത്. മറ്റുള്ളവക്ക് എല്ലാ അവകാശങ്ങളും ഉള്ളപ്പോൾ തന്നെയാണ് പുരുഷ-പുരുഷ ബന്ധത്തിെൻറയോ സ്ത്രീ-സ്ത്രീ ബന്ധത്തിെൻറയോ പേരിലും ഭിന്നലിംഗക്കാരായതുകൊണ്ടും മറ്റും ഒറ്റപ്പെട്ട്, ഭയപ്പെട്ടു കഴിയേണ്ട സ്ഥിതി ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഉണ്ടാകുന്നത്. പീഡിപ്പിക്കാനും വിവേചനം കാട്ടാനുമുള്ള ആയുധമായി 377ാം വകുപ്പ് ദുരുപയോഗിക്കുന്നു.
- ആൺ-പെൺ ഭേദം നോക്കാതെ തുല്യത ഉറപ്പാക്കണമെന്ന 14ാം ഭരണഘടനാ വകുപ്പിന് വിരുദ്ധമാണ് 377ാം വകുപ്പ്. യുക്തിരഹിതവും സ്വേച്ഛാപരവും നീതീകരിക്കാനാവാത്തതുമാണ് ഇൗ വകുപ്പ്.
- തുല്യതക്കുള്ള അവകാശത്തിെൻറ ലംഘനവുമാണ്. അന്തസ്സോടെ ജീവിക്കാനുള്ള വ്യക്തിയുടെ അവകാശം കോടതികൾ സംരക്ഷിക്കേണ്ടതുണ്ട്.
- സ്വവർഗാനുരാഗികളുടെ അവകാശ സംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവെച്ച രാജ്യമാണെന്നിരിക്കെ, അതു പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥമാണ്.
#WATCH Celebrations in Karnataka's Bengaluru after Supreme Court legalises homosexuality. pic.twitter.com/vQHms5C0Yd
— ANI (@ANI) September 6, 2018
#WATCH Celebrations at Delhi's The Lalit hotel after Supreme Court legalises homosexuality. Keshav Suri, the executive director of Lalit Group of hotels is a prominent LGBT activist. pic.twitter.com/yCa04FexFE
— ANI (@ANI) September 6, 2018
സുപ്രീംകോടതി വിധിയിൽ ആഹ്ലാദം സ്വാഗതം ചെയ്ത് സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ
ന്യൂഡൽഹി/മുംബൈ: സ്വവർഗരതി കുറ്റകൃത്യമല്ലാതാക്കിയ സുപ്രീംകോടതി വിധി പുറത്തുവന്നതോടെ ആഹ്ലാദം പ്രകടിപ്പിച്ച് ലൈംഗിക ന്യൂനപക്ഷങ്ങളും ആക്ടിവിസ്റ്റുകളും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ‘മഴവിൽ’ പതാകയേന്തി നിരവധിപേർ നിരത്തിലും ഹോട്ടലുകളിലും ഒത്തുകൂടി സന്തോഷം പങ്കിട്ടു. പരസ്പരം ആലിംഗനം ചെയ്തും ആനന്ദക്കണ്ണീരണിഞ്ഞും നൃത്തംചെയ്തുമാണ് സ്വവർഗാനുരാഗികളായ സ്ത്രീകളും പുരുഷന്മാരും ട്രാൻസ്ജെൻഡറുകളുമടക്കമുള്ളവർ ആഹ്ലാദം പ്രകടിപ്പിച്ചത്.
സിനിമ പ്രവർത്തകർ, എഴുത്തുകാർ, അഭിഭാഷകർ, അധ്യാപകർ എന്നീ സമൂഹത്തിെൻറ വിവിധതുറകളിൽ പെട്ടവരും സന്തോഷത്തിൽ പങ്കുചേർന്നു. മുംബൈയിലും ന്യൂഡൽഹിയിലും രാജ്യത്തിെൻറ വിവിധയിടങ്ങളിലും നടന്ന ചടങ്ങുകളിൽ നിയമപോരാട്ടത്തിന് നേതൃത്വം നൽകിയവരും പങ്കാളികളായി.
സ്വവർഗാനുരാഗികൾ രാജ്യത്ത് കുറ്റവാളികളും രണ്ടാംകിട പൗരന്മാരുമായി കഴിയുന്ന സാഹചര്യം വിധിയിലൂടെ മാറിയെന്ന് കേസിലെ ഹരജിക്കാരിലൊരാളായ അങ്കിത് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ കൂടുതൽ വലിയ കോടതിവിധികൾ സമ്പാദിക്കാനുള്ള വാതിലാണ് സുപ്രീംകോടതി വിധി തുറന്നിരിക്കുന്നതെന്ന് ആക്ടിവിസ്റ്റ് അജ്ഞലി നസിയ പ്രതികരിച്ചു.
െഎ. പി.സി 377 എന്ത്?
ഇന്ത്യൻ ശിക്ഷ നിയമം (െഎ. പി.സി) 377 ാം വകുപ്പ് അനുസരിച്ച് ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിലും സമാന ലിംഗക്കാര് തമ്മിലോ മൃഗങ്ങളുമായോ നടക്കുന്ന ഏതൊരു ലൈംഗികബന്ധവും പ്രകൃതിവിരുദ്ധമാണ്. പത്തു വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം. ഈ വകുപ്പാണ് ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി ഭാഗികമായി റദ്ദാക്കിയത്. എന്നാല് മൃഗങ്ങളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ലൈംഗികവേഴ്ച കുറ്റകരമായി തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.