കടക്കാവൂർ പോക്സോ കേസ്: മാതാവിനെതിരായ പരാതിക്കുപിന്നിൽ പിതാവിനെ സംശയിച്ചുകൂടേ? -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കടക്കാവൂര്‍ പോക്സോ കേസില്‍ മാതാവിനെതിരായ മകന്റെ പരാതിക്കുപിന്നിൽ പിതാവാണെന്നു സംശയിച്ചുകൂടേ എന്ന് സുപ്രീംകോടതി.
മാതാവിനെ കുറ്റവിമുക്തമാക്കിയ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ മകന്‍ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങുന്ന ബെഞ്ച് ഇത്തരമൊരു സംശയമുന്നയിച്ചത്.
മാതാവിനെതിരായ പോക്സോ കേസിലെ പരാതിക്കുപിന്നില്‍ പിതാവാണെന്ന് സംശയിച്ചുകൂടേയെന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയിലായിരുന്നപ്പോഴാണ് കുട്ടി പരാതി നല്‍കിയതെന്ന് മകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇപ്പോള്‍ കള്ളനെന്നു മകന്‍ മുദ്രകുത്തപ്പെടുന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോൾ മാതാവും മാനസിക പീഡനം അനുഭവിക്കുന്നില്ലേയെന്ന് സുപ്രീംകോടതി തിരിച്ചുചോദിച്ചു.
കേസില്‍ അവരും ഇരയല്ലേയെന്നും സുപ്രീംകോടതി ചോദിച്ചു. ആരോപിതയായ മാതാവിനെ കുറ്റവിമുക്തയാക്കിയ റിപ്പോര്‍ട്ടിനെതിരെ കോടതിയില്‍ സമർപ്പിച്ച എതിര്‍പ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി ഹരജി രണ്ടാഴ്ചത്തേക്ക് മാറ്റി. മാതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കേരള ഹൈകോടതി കേസിലെ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഈ നിര്‍ദേശം നല്‍കുന്നതിനുമുമ്പ് ഹൈകോടതി തങ്ങളുടെ വാദം കേട്ടിട്ടില്ലെന്നാണ് മകന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.