ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥ; സുപ്രീംകോടതി ജഡ്ജിമാർ
text_fieldsന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വിവാദ വ്യവസ്ഥക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ അടങ്ങുന്ന രണ്ട് ബെഞ്ചുകൾ പുറപ്പെടുവിച്ച വിധികളിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തീർപ്പ് കൽപിക്കും. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് മാർച്ച് ആറിന് വിഷയം പരിഗണിക്കും.
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ഭിന്നത വീണ്ടും പുറത്തുകൊണ്ടുവന്ന വിവാദത്തിന് ഫെബ്രുവരി എട്ടിന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തുടക്കമിട്ടത്. ഭൂമി ഏറ്റെടുക്കലിലെ ഇരകൾക്കൊപ്പംനിന്ന് മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച 2014ലെ വിധി റദ്ദാക്കി ഭൂമി ഏറ്റെടുത്ത സർക്കാറിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയും സഹ ജഡ്ജിയും. ബെഞ്ചിലുണ്ടായിരുന്ന മൂന്നാമത്തെ ജഡ്ജി ഇതിനോട് വിയോജിച്ചു. അഞ്ചുവർഷത്തിനകം അപേക്ഷിച്ചില്ലെങ്കിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തിന് അവകാശമുണ്ടാകില്ല എന്ന ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വിവാദമായ 24 (2) വകുപ്പിലെ വ്യവസ്ഥക്കെതിരായിരുന്നു ജസ്റ്റിസ് ലോധ നേതൃത്വം നൽകിയ ബെഞ്ചിെൻറ വിധി.
വിവാദ വാർത്ത സമ്മേളനം നടത്തിയ ജസ്റ്റിസുമാരായ മദൻ ബി. ലോകുറും കുര്യൻ ജോസഫും അന്ന് മുൻ ചീഫ് ജസ്റ്റിസ് ലോധയുടെ ബെഞ്ചിലുണ്ടായിരുന്നു. ഇത് റദ്ദാക്കിയാണ് സർക്കാറിന് അനുകൂലമായ തരത്തിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് എട്ടിന് വിധി പുറപ്പെടുവിച്ചത്. മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ഏെറ്റടുത്ത ഭൂമിയുടെ കേസിലായിരുന്നു വിവാദ വിധി. മുൻ ചീഫ്ജസ്റ്റിസ് ലോധയും മറ്റു രണ്ട് ജഡ്ജിമാരും ഏകസ്വരത്തിൽ പുറപ്പെടുവിച്ച വിധി റദ്ദാക്കുന്നതിനെ ജസ്റ്റിസ് അരുൺ മിശ്രക്കൊപ്പം ഒരു ജഡ്ജി അംഗീകരിച്ചപ്പോൾ മറ്റൊരു ജഡ്ജി എതിർത്തു. ഇതോടെ, ജസ്റ്റിസ് അരുൺ മിശ്രയുടെ വിധി 2:1 എന്ന തരത്തിൽ രണ്ടംഗങ്ങളുടെ ഭൂരിപക്ഷ വിധിയായി.
എന്നാൽ, ഹരിയാനയിലെ ഭൂമി ഏറ്റെടുക്കൽ കേസ് മുന്നിൽവന്നപ്പോൾ രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തിന് ജസ്റ്റിസ് അരുൺ മിശ്ര പുറപ്പെടുവിച്ച വിധി നിയമവിരുദ്ധമാണെന്നും നീതിന്യായ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നും അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച റദ്ദാക്കിയത്. മൂന്നംഗ ബെഞ്ചിെൻറ വിധി അതിലും വലിയ ബെഞ്ചിനേ റദ്ദാക്കാനാകൂ എന്ന് ജസ്റ്റിസുമാരായ മദൻ ബി. ലോകുറും കുര്യൻ ജോസഫും ദീപക് ഗുപ്തയും ഒാർമിപ്പിച്ചു. വിധി റദ്ദാക്കിയ വിവരം എല്ലാ സംസ്ഥാന സർക്കാറുകളെയും ഹൈകോടതികളെയും അറിയിക്കാനും ഇൗ ബെഞ്ച് നിർദേശിച്ചു. എന്നാൽ, ജസ്റ്റിസ് അരുൺ മിശ്രയുടെ മൂന്നംഗ ബെഞ്ച് വ്യാഴാഴ്ച അതിനെതിരെ വീണ്ടും വിധി പ്രസ്താവിച്ചു.
വ്യാഴാഴ്ച ഇൗ വിഷയം വീണ്ടും പരിഗണിച്ച് ജസ്റ്റിസ് മദൻ ബി. ലോകുറിെൻറ ബെഞ്ച് പുറപ്പെടുവിച്ച വിധി റദ്ദാക്കി അഞ്ചുവർഷത്തിന് ശേഷം ഭൂമിക്ക് നഷ്ടപരിഹാരത്തിന് അവകാശമില്ലെന്ന തങ്ങളുടെ വിധി പുനഃസ്ഥാപിച്ചു. വിധി തെറ്റാണെങ്കിൽ തിരുത്താൻ വലിയ ബെഞ്ചിെൻറ ആവശ്യമില്ല എന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ ന്യായീകരണം. ഇൗ രണ്ട് വിരുദ്ധ വിധികളിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് അരുൺ മിശ്രയുടെ ബെഞ്ച് നിർദേശിക്കുകയും ചെയ്തു. അതുപ്രകാരമാണ് പ്രശ്നപരിഹാരത്തിനായി ചീഫ് ജസ്റ്റിസ് അഞ്ചംഗ ബെഞ്ച് രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.