രാഘവ് ഛദ്ദക്ക് രാജ്യസഭയിലേക്ക് സുപ്രീംകോടതി വഴിയൊരുക്കി
text_fieldsന്യൂഡൽഹി: അനിശ്ചിതകാല സസ്പെൻഷന് വിധേയമായ ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദക്ക് രാജ്യസഭയിലേക്ക് വഴിയൊരുക്കി സുപ്രീംകോടതി. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ മുമ്പാകെ ഹാജരായി രാഘവ് ഛദ്ദ മാപ്പുപറയണമെന്നും അതിനോട് ചെയർമാൻ അനുഭാവപൂർണമായ സമീപനം തിരിച്ച് കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
ഛദ്ദ ചെറുപ്പക്കാരനും പാർലമെന്റിലെ കന്നിക്കാരനുമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ മുന്നോട്ടുള്ള വഴി തുറക്കാനുള്ള ഉദ്ദേശ്യപൂർവമുള്ള സമീപനം ചെയർമാൻ കാണിക്കണം. രാഘവ് ഛദ്ദ ക്ഷമാപണം നടത്തിയാൽ മുതിർന്ന ഭരണഘടന പദവിയിലുള്ള ബഹുമാന്യനായ ചെയർമാൻ അത് പരിഗണിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾതന്നെ സുപ്രീംകോടതി പറഞ്ഞതാണെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. അറ്റോണി ജനറൽ ആർ. വെങ്കിട്ട രമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഈ നിർദേശം അംഗീകരിച്ചതുമാണ്. തുടർന്ന് ഛദ്ദ മാപ്പുപറയാൻ തയാറാണോ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ശദാൻ ഫറാസതിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിനകം ആറ് തവണ താങ്കൾ മാപ്പു പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഇനിയൊരു തവണ ചെയർമാനെ നേരിൽ കണ്ട് മാപ്പു പറഞ്ഞുകൂടെ എന്ന് ചോദിച്ചു.
മുതിർന്നവരുടെ സഭയിലെ ഏറ്റവും ഇളയവനാണ് രാഘവ് ഛദ്ദ എന്ന് അഡ്വ. ശദാൻ ഫറാസത്ത് അതിന് മറുപടി നൽകി. മാപ്പു പറയാൻ അദ്ദേഹത്തിന് പ്രശ്നമില്ല. പ്രിവിലേജ് കമ്മിറ്റിക്കുള്ള കത്തിലും ഛദ്ദ മാപ്പു പറഞ്ഞിട്ടുണ്ടെന്നും ശദാബ് ചൂണ്ടിക്കാട്ടി. ആ പ്രസ്താവന രേഖപ്പെടുത്തിയ സുപ്രീംകോടതി താൻ അംഗമായ സഭയുടെ അന്തസ്സിനെ ബാധിക്കണമെന്ന ഒരുദ്ദേശ്യവും രാഘവ് ഛദ്ദക്കില്ലായിരുന്നുവെന്നും ചെയർമാന്റെ സമയം തേടി നേരിൽ കണ്ട് നിരുപാധികം മാപ്പു പറയുമെന്നും ചെയർമാൻ അത് അനുഭാവപൂർവം പരിഗണിക്കണമെന്നും ഉത്തരവിൽ കുറിച്ചു.
എല്ലാ തരം ആളുകളുടെയും ശബ്ദം കേൾക്കേണ്ട ഇടമായ പാർലമെന്റിൽനിന്ന് ചില ശബ്ദങ്ങളെ പുറത്താക്കുന്നതിൽ ബെഞ്ച് ഒക്ടോബർ 30ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അനിശ്ചിതകാലത്തേക്കുള്ള രാഘവ് ഛദ്ദയുടെ രാജ്യസഭ സസ്പെൻഷൻ ജനപ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സഭാ നടപടി തടസ്സപ്പെടുത്തിയാൽപോലും ആ സമ്മേളനം കഴിയുംവരെ മാത്രമാണ് സസ്പെൻഷൻ എന്നും ബെഞ്ച് ഓർമിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.