മണിപ്പൂർ: സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ ചെയ്യും -ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ രണ്ടു യുവതികളെ ജനക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകൽ റോഡിലൂടെ നഗ്നരായി നടത്തിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതിൽ കേന്ദ്ര സർക്കാറിനെതിരെ വിമർശനവുമായി സുപ്രീംകോടതി. ദൃശ്യങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും സർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ഇത് അംഗീകരിക്കാനാവില്ല. സാമുദായിക കലാപത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണ്. പുറത്തുവന്ന ദൃശ്യങ്ങൾ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കി. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും. മണിപ്പൂരിൽ ഇത് സർക്കാർ ഇടപെടേണ്ട സമയമാണ് -ചീഫ് ജസ്റ്റിസ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ മണിപ്പൂരിൽനിന്നും പുറത്തുവന്നതോടെ രാജ്യത്താകമാനം കടുത്ത വിമർശനം ഉയരുകയാണ്. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
ഇതോടെ രണ്ട് മാസത്തിലേറെയായി തുടരുന്ന മണിപ്പൂർ കാലപത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്നും മണിപ്പൂരിന്‍റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ല. ഹൃദയം ദേഷ്യത്താലും വേദനയാലും നിറയുകയാണ്. മണിപ്പൂരിൽ നടന്ന സംഭവം ഏതൊരു ജനസമൂഹത്തിനും അപമാനകരമാണ് -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.