ലളിത് മോദി നിരുപാധികം മാപ്പ് പറഞ്ഞു; കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു
text_fieldsന്യൂഡൽഹി: മുൻ ഐ.പി.എൽ കമീഷണർ ലളിത് മോദിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ ജുഡീഷ്യറിക്കെതിരായ പോസ്റ്റുകളിട്ടതിൽ നിരുപാധികം മാപ്പ് പറഞ്ഞതിനെ തുടർന്നാണ് നടപടികൾ അവസാനിപ്പിച്ചത്.
ജസ്റ്റിസ് എം.ആർ.ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ലളിത് മോദി ഫയൽ ചെയ്ത സത്യവാങ്മൂലം പരിശോധിച്ചാണ് നടപടികൾ നടപടികൾ അവസാനിപ്പിച്ചത്. ഇന്ത്യൻ ജുഡീഷ്യറിയുടെ അന്തസിന് കോട്ടം തട്ടുന്ന തരത്തിൽ ഒന്നും ഭാവിയിൽ ചെയ്യില്ലെന്ന് മോദി സത്യവാങ്മൂലത്തിൽ ഉറപ്പ് നൽകി.
‘നിരുപാധിക മാപ്പ് ഞങ്ങൾ സ്വീകരിക്കുന്നു. ഭാവിയിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതിഛായ തകർക്കുന്ന തരത്തിൽ എന്തെങ്കിലും നടപടി എതിർകക്ഷിയിൽ നിന്നുണ്ടായാൽ അത് ഗൗരവമായി കാണും’ -കോടതി ചൂണ്ടിക്കാട്ടി.
തുറന്ന ഹൃദയത്തോടെയാണ് ഞങ്ങൾ നിരുപാധിക മാപ്പ് സ്വീകരിക്കുന്നത്. കാരണം, കോടതി എപ്പോഴും ക്ഷമിക്കുന്നതിൽ വിശ്വസിക്കുന്നു. പ്രത്യേകിച്ചും മാപ്പ് പറയുന്നത് നിരുപാധികവും ഹൃദയത്തിൽ തൊട്ടുമാകുമ്പോൾ. മാപ്പ് സ്വീകരിച്ചുകൊണ്ട് നടപടികൾ അവസാനിപ്പിക്കുന്നു’ - ബെഞ്ച് വ്യക്തമാക്കി.
ലളിത് മോദിയുടെ ജുഡീഷ്യറിക്കെതിരായ പരാമർശത്തിൽ സമൂഹ മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും മാപ്പ് പറഞ്ഞില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടിയത് ഏപ്രിൽ 13നാണ്. ലളിത് മോദി നിയമത്തിനും നിയമവ്യവസ്ഥക്കും അതീതനല്ലെന്ന് പറഞ്ഞ കോടതി ഇനി ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായാൽ ഗൗരവമായി കാണുമെന്നും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.