കേസിൽ നിറയെ പഴുതുകൾ; വധ ശിക്ഷക്ക് വിധിച്ച പ്രതിയെ സുപ്രീംകോടതി കുറ്റമുക്തനാക്കി; യു.പിപൊലീസിന് രൂക്ഷവിമർശനം
text_fieldsന്യൂഡൽഹി: കൊലപാതക കേസിൽ വധശിക്ഷക്ക് വിധിച്ച പ്രതിയെ സുപ്രീംകോടതി കുറ്റമുക്തനാക്കി. കേസ് അന്വേഷണത്തിലെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി കോടതി ഉത്തർപ്രദേശ് പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
2012ലാണ് കേസിനാസ്പാദമായ സംഭവം. സഹോദരനെയും ഭാര്യാസഹോദരിയെയും അവരുടെ നാല് കുട്ടികളെയും കൊലപ്പെടുത്തിയ കേസിലാണ് ഗംഭീർ സിങ്ങിനെ വധശിക്ഷക്ക് വിധിച്ചത്. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിൽ കേസ് കൈകാര്യം ചെയ്തതിനാണ് യു.പി പൊലീസിനെ ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിശിതമായി വിമർശിച്ചത്.
ജനുവരി 28നാണ് അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഗംഭീറിനെ വെറുതെ വിട്ടത്. കുറ്റം ചെയ്തെന്ന് സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും വിശ്വസനീയമായ ഒരു തെളിവും ഹാജരാക്കാനായില്ലെന്നും ബെഞ്ച് വ്യക്തമാക്കി. "രേഖകളിൽ ലഭ്യമായ വിവരങ്ങൾ പൂർണമായും പരിശോധിച്ചപ്പോൾ, കേസ് അന്വേഷിച്ചതിൽ ഏജൻസിയുടെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായത് തികഞ്ഞ അലംഭാവം നിറഞ്ഞ സമീപനമാണെന്ന് മനസ്സിലായി. ആറ് നിരപരാധികൾ ദാരുണമായ കൊല്ലപ്പെട്ടിട്ടും ഗൗരവമായ അന്വേഷണം നടന്നില്ല'' -ബെഞ്ച് പറഞ്ഞു.
"കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതിയുടെ സാന്നിധ്യം ഉറപ്പ് വരുത്തുന്നതിന് സമീപത്തോ, പരിസരത്തോ താമസിക്കുന്ന ഒരാളെപോലും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ല. സംഭവം നടന്നയുടൻ ശരിയായ തെളിവുകൾ ശേഖരിക്കുന്നതിനുള്ള ഒരു ശ്രമവും അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയില്ല. കണ്ടെടുത്ത വസ്തുക്കൾ ഫോറൻസിക് പരിശോധനക്ക് എത്തുന്നതുവരെ സുരക്ഷിതമായി സൂക്ഷിച്ചതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയില്ല. അന്വേഷണം നടത്തുന്നതിൽ കാണിച്ച ഈ തികഞ്ഞ അലംഭാവം പ്രതിക്കെതിരായ പ്രോസിക്യൂഷന്റെ കുറ്റങ്ങൾ തെളിയിക്കുന്നത് പരാജയപ്പെടുന്നതിന് കാരണമായി -ബെഞ്ച് വ്യക്തമാക്കി.
വിചാരണ നടത്തിയ പബ്ലിക് പ്രോസിക്യൂട്ടറും വിചാരണ കോടതിയിലെ പ്രിസൈഡിങ് ഓഫിസറും വിചാരണ നടത്തുന്നതിൽ പൂർണമായ അനാസ്ഥ കാണിച്ചുവെന്ന് കരുതുന്നു. നാല് നിരപരാധികളായ കുട്ടികൾ ഉൾപ്പെടെ ആറ് പേരുടെ ദാരുണമായ കൊലപാതകങ്ങൾ മൊഴികൾ രേഖപ്പെടുത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും കോടതി വിമർശിച്ചു. ആയുധങ്ങൾ കണ്ടെടുത്തതിന്റെ തെളിവുകൾ വാദത്തിനു വേണ്ടി അംഗീകരിച്ചാൽ പോലും, എഫ്.എസ്.എൽ റിപ്പോർട്ടു പ്രകാരം അതിലെ രക്തക്കറയും പ്രതിയുടെ രക്തവും തമ്മിൽ ബന്ധമില്ല. അതിനാൽ, കണ്ടെടുത്ത തെളിവുകൾ കൊണ്ട് പ്രോസിക്യൂഷന് ഒരു പ്രയോജനവുമില്ലെന്നും കോടതി പറഞ്ഞു.
2012 മെയ് എട്ട്, ഒമ്പത് തീയതികളിലാണ് ദാരുണമായ കൊലപാതകം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഗംഭീർ സിങ്ങിനെയും ഗായത്രി എന്ന സ്ത്രീയെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2017 മാർച്ചിൽ, വിചാരണ കോടതി ഗായത്രിയെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെ വിട്ടെങ്കിലും, സിംഗിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു. അലഹബാദ് ഹൈക്കോടതിയും വിധി ശരിവെച്ചു.
പിന്നാലെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. പഴുതുകൾ നിറഞ്ഞ കേസ് സൂഷ്മ പരിശോധനക്ക് വിധേയമാക്കാൻ കഴിയില്ലെന്നും അതിനാൽ കുറ്റാരോപിതരായവർക്ക് ഹൈകോടതി വിധിച്ച ശിക്ഷ നില നിൽക്കില്ലെന്നും പറഞ്ഞാണ് കോടതി കുറ്റമുക്തനാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.