തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിനും വിവാദ നിയമത്തിനും സ്റ്റേയില്ല; ഹരജികൾ ഒരാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പുതുതായി രണ്ട് കമീഷണർമാരെ നിയമിച്ചതും അതിനാധാരമായ 2023ൽ കൊണ്ടുവന്ന വിവാദ നിയമവും സ്റ്റേ ചെയ്യണമെന്ന ഹരജികൾ സുപ്രീംകോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
ഹരജികൾ അടിയന്തരമായി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേൾക്കണമെന്ന മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, വികാസ് സിങ്, പ്രശാന്ത് ഭൂഷൺ എന്നിവരുടെ ആവശ്യം തള്ളിയാണ് ഒരാഴ്ചത്തേക്ക് മാറ്റിയത്. റിട്ട. ഐ.എ.എസുകാരായ ഗ്യാനേഷ് കുമാറും സുഖ്ബീർ സിങ്ങ് സന്ധുവും കമീഷണർമാരായി വെള്ളിയാഴ്ച ചുമതലയേൽക്കുകയും തെരഞ്ഞെടുപ്പ് തീയതി ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര സർക്കാറിന് ആശ്വാസകരമായ നടപടി.
സെലക്റ്റ് കമ്മിറ്റി പൂർണമായും കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലാക്കി കൊണ്ടുവന്ന വിവാദ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുതിയ കമീഷണർമാരെ നിയമിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ ഹരജികൾ സുപ്രീംകോടതി ഇന്ന് കേൾക്കാനിരിക്കെ നടപടിക്രമം നേരത്തേയാക്കി കമീഷണർമാരെ തിരക്കിട്ട് നിയമിക്കുകയാണ് ചെയ്തതെന്ന് മുൻ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കൂടിയായ വികാസ് സിങ് ബോധിപ്പിച്ചു. കോടതിയിൽ ഇതിനകം ചോദ്യം ചെയ്യപ്പെട്ട നിയമത്തിലൂടെയാണ് പ്രധാനമന്ത്രിക്കും ലോക്സഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷി നേതാവിനും പുറമെ പ്രധാനമന്ത്രിതന്നെ നിർദേശിച്ച കാബിനറ്റ് മന്ത്രി കൂടി അടങ്ങുന്ന മൂന്നംഗ സെലക്റ്റ് കമ്മിറ്റി കമീഷണർമാരെ നിയമിച്ചത്.
പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടി അടങ്ങുന്ന മൂന്നംഗ സെലക്റ്റ് കമ്മിറ്റി മുഖ്യ തെരഞ്ഞെടുപ്പു കമീഷണറുടെയും കമീഷണർമാരുടെയും നിയമനം നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസിനെ സമിതിയിൽനിന്ന് മാറ്റിയാൽ അതുപോലെ വിശ്വാസ്യതയുള്ള ഒരാളെയായിരുന്നു സമിതി അംഗമാക്കേണ്ടിയിരുന്നതെന്ന് വികാസ് സിങ് ബോധിപ്പിച്ചു. അതിനാൽ നിയമന നടപടി സ്റ്റേ ചെയ്യണമെന്ന് വികാസ് സിങ് ആവശ്യപ്പെട്ടപ്പോൾ ഇതിന് മുമ്പ് രണ്ടുതവണ പ്രശാന്ത് ഭൂഷൺ വന്നപ്പോഴും സ്റ്റേ നൽകില്ലെന്ന് പറഞ്ഞതാണെന്ന് ജസ്റ്റിസ് ഖന്ന പ്രതികരിച്ചു.
നിയമനം സുപ്രീംകോടതി വിധിക്കെതിരാണെന്ന് വികാസ് സിങ് ബോധിപ്പിച്ചപ്പോൾ വിധി വായിക്കാൻ പറഞ്ഞ ജസ്റ്റിസ് ഖന്ന, ഹരജിക്കാരുടെ വാദം അംഗീകരിച്ചില്ല. തങ്ങളുടെ ഹരജികളിൽ അന്തിമവിധി വരുന്നതുവരെ വിവാദ നിയമം നടപ്പാക്കരുതെന്ന് കപിൽ സിബലും പ്രശാന്ത് ഭൂഷണും കാളീശ്വരം രാജും അപേക്ഷിച്ചെങ്കിലും ജസ്റ്റിസ് ഖന്ന വഴങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.