'നിങ്ങൾ പിന്തുടരുന്നത് എല്ലാം സുഖപ്പെടുത്തുമെന്ന് എന്താണ് ഉറപ്പ്?', ആധുനിക ചികിത്സ രീതികളെ അധിക്ഷേപിച്ച ബാബ രാംദേവിനെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അലോപ്പതി ഉൾപ്പെടെയുള്ള ആധുനിക ചികിത്സ രീതികളെ അധിക്ഷേപിച്ച യോഗ ഗുരു ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആയുർവേദത്തെ ജാനകീയമാക്കാൻ കാമ്പയിനുകൾ നടത്താം, എന്നാൽ അലോപ്പതി പോലുള്ള മറ്റു സംവിധാനങ്ങളെ വിമർശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
''എന്തുകൊണ്ടാണ് ബാബാ രാംദേവ് അലോപ്പതി ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത്? അദ്ദേഹം പിന്തുടരുന്നത് എല്ലാം സുഖപ്പെടുത്തുമെന്ന് എന്താണ് ഉറപ്പ്?'-ചീഫ് ജസ്റ്റിസ് ചോദിച്ചു. അലോപ്പതി മരുന്നുകൾ, കോവിഡ് വാക്സിനേഷൻ എന്നിവക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നൽകിയ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമർശനം. ഐ.എം.എയുടെ ഹരജിയിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് നൽകി.
കഴിഞ്ഞ വർഷം, കോവിഡ് രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടപ്പോൾ, അലോപ്പതി മരുന്നുകൾ മൂലം ലക്ഷക്കണക്കിനാളുകൾ മരിച്ചെന്നും ആവശ്യമായ ചികിത്സയോ ഓക്സിജനോ ലഭിക്കാത്തതിനാലാണ് മരണനിരക്ക് കൂടിയതെന്നും രാംദേവ് ആരോപിച്ചിരുന്നു. അലോപ്പതിയെ 'വിഡ്ഢിത്തവും പാപ്പരത്തവും നിറഞ്ഞ ശാസ്ത്രം' എന്നാണ് വിശേഷിപ്പിച്ചത്. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷവും ഇന്ത്യയിൽ നിരവധി ഡോക്ടർമാർ മരിച്ചെന്നും രാംദേവ് ആരോപിച്ചിരുന്നു.
തെറ്റായ പ്രസ്താവനകളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വൈദ്യശാസ്ത്രത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്ത രാംദേവിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടിയെടുക്കണമെന്നും പ്രോസിക്യൂട്ട് ചെയ്യണമെന്നും ഐ.എം.എ നേരത്തെ വാർത്ത കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.