കേന്ദ്ര സർക്കാറിനെതിരെ സുപ്രീംകോടതി; സ്വന്തക്കാരുടെ കാര്യത്തിൽ മിണ്ടാട്ടമില്ല
text_fieldsന്യൂഡൽഹി: ‘‘വഴങ്ങാത്ത സംസ്ഥാന സർക്കാറുകൾക്കെതിരെ കടും നിലപാട് എടുക്കുന്ന നിങ്ങൾക്ക്, സ്വന്തം സർക്കാറുകൾ ഭരണഘടന ബാധ്യത ലംഘിക്കുമ്പോൾ ഒന്നും പറയാനില്ലേ?’’ എന്ന രൂക്ഷ ചോദ്യവുമായി കേന്ദ്ര സർക്കാറിനെ നേരിട്ട് സുപ്രീംകോടതി. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നിലൊന്ന് വനിത സംവരണമെന്ന ഭരണഘടന നിർദേശം നടപ്പാക്കാത്ത നാഗാലാൻഡ് സർക്കാറിന്റെ നടപടി ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കേന്ദ്രത്തെ നിർത്തിപ്പൊരിച്ചത്.
കേന്ദ്ര സർക്കാറിന്റെ അതേ രാഷ്ട്രീയധാരയിലുള്ള സർക്കാറാണ് നാഗാലാൻഡ് ഭരിക്കുന്നത് എന്നതിനാൽ വിഷയത്തിൽ നിങ്ങൾക്ക് കൈകഴുകാനാവില്ലെന്നും ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോട് രൂക്ഷമായാണ് ഇരു ജഡ്ജിമാരും പ്രതികരിച്ചത്. ‘‘ഭരണഘടന നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയാറല്ലെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുത്, കാരണം ഞാനത് പറയും’’ -ജസ്റ്റിസ് കൗൾ പറഞ്ഞു.
ഭരണഘടനയുടെ 243 ഡി വകുപ്പ് വിഭാവനം ചെയ്ത, തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണം നാഗാലാൻഡിന് ബാധകമാണോ എന്നും അല്ലെങ്കിൽ എന്തെങ്കിലും ഇളവ് അനുവദിച്ചിട്ടുണ്ടോ എന്നും, ഇക്കഴിഞ്ഞ ഏപ്രിലിൽ സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രം ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. നാഗാലാൻഡിന് സാവകാശം നൽകിയിട്ടുണ്ടെന്ന് നേരത്തെ വാക്കാൽ വിശദീകരിച്ചിട്ടുണ്ടെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ മറുപടി നൽകി. അവിടത്തെ മത-സാമൂഹികപരമായ കാര്യങ്ങളിൽ നാഗാലാൻഡിനുള്ള പാർലമെന്റ് പാസാക്കിയ ഇളവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, കേന്ദ്രം എന്തു നോക്കിനിൽക്കുകയാണെന്നും അവിടെയുള്ളത് നിങ്ങളുടെ സർക്കാറല്ലേയെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ്, പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഹരജികൾ സുപ്രീംകോടതിയുടെ മുന്നിലുള്ള സാഹചര്യത്തിൽ ഏറെ പ്രസക്തമായ ചോദ്യം ജസ്റ്റിസ് കൗൾ ഉന്നയിച്ചത്. ‘‘നിങ്ങൾക്ക് വഴങ്ങാത്ത സംസ്ഥാനങ്ങൾക്കെതിരെ കടുത്ത നിലപാടാണ് നിങ്ങൾക്ക്. എന്നാൽ, സ്വന്തം സംസ്ഥാന സർക്കാർ ഭരണഘടന വകുപ്പ് ലംഘിക്കുന്നു. അതിൽ നിങ്ങൾക്കൊന്നും പറയാനില്ല’’ -ജസ്റ്റിസ് ചോദിച്ചു. കേന്ദ്ര സർക്കാർ എന്ന നിലയിൽ എന്തു റോളാണ് നിങ്ങൾ നിർവഹിക്കുന്നതെന്നും ജസ്റ്റിസ് ചോദിച്ചു.
ഇതോടെ, വിഷയത്തിൽ സംസ്ഥാന സർക്കാർ ഇപ്പോൾ നടപടി എടുത്തുതുടങ്ങിയെന്നായി നടരാജൻ. അൽപംകൂടി സമയം സംസ്ഥാനത്തിന് നൽകണമെന്നും അതിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നിലവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള സാഹചര്യം കണക്കിലെടുത്ത് അൽപംകൂടി സമയം വേണമെന്നും കേന്ദ്രത്തിന്റെ അഭിഭാഷകൻ കൂട്ടിച്ചേർത്തു. തുടർന്ന്, ഒരു അവസാന അവസരംകൂടി നൽകുന്നതായി ബെഞ്ച് പറഞ്ഞു.
തങ്ങൾക്ക് സംവരണം വേണ്ടെന്ന് നാഗാലാൻഡിലെ ചില വനിത സംഘടനകൾ പറഞ്ഞതായി നാഗാലാൻഡിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ കെ.എൻ. ബാലഗോപാൽ പറഞ്ഞപ്പോൾ, സ്വയം മാറ്റത്തിനായി വിട്ടുകൊടുത്തിരുന്നുവെങ്കിൽ 1950 മുതൽ ഇങ്ങോട്ട് ഒരു സാമൂഹിക മാറ്റവും സംഭവിക്കില്ലായിരുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.