ഗുജറാത്ത് ഹൈകോടതി ജഡ്ജിമാരെ സ്ഥലം മാറ്റാത്തതിനെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നാലു ഗുജറാത്ത് ഹൈകോടതി ജഡ്ജിമാരെ സ്ഥലംമാറ്റാനുള്ള കൊളീജിയം ശിപാർശ നടപ്പാക്കാത്ത കേന്ദ്ര സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. രാജ്യത്തെ മറ്റു ഹൈകോടതികളിൽനിന്നുള്ള ജഡ്ജിമാരുടെ സ്ഥലംമാറ്റ ശിപാർശ അംഗീകരിച്ചപ്പോഴാണ് ഗുജറാത്ത് ഹൈകോടതിയിലേത് അടക്കം ചില ജഡ്ജിമാരുടെ കാര്യത്തിൽ മാത്രം കേന്ദ്രം തുടർനടപടി കൈക്കൊള്ളാതിരുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
നവംബർ ഏഴിലെ കൊളീജിയം ശിപാർശ നടപ്പാക്കാത്തതിനെതിരെ ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
കൊളീജിയം ശിപാർശകളിൽനിന്ന് ‘തെരഞ്ഞെടുത്തുള്ള’ നിയമനം എന്തിനാണെന്ന് സുപ്രീംകോടതി ആവർത്തിച്ച് ചോദിച്ചു. അഞ്ചു ജഡ്ജിമാരെ സ്ഥലംമാറ്റിയെങ്കിലും ആറു പേരുടെ സ്ഥലംമാറ്റം നടപ്പാക്കിയില്ല. അതിൽ നാലു പേരും ഗുജറാത്ത് ഹൈകോടതി ജഡ്ജിമാരാണ്. ഒരാൾ ഡൽഹി ഹൈകോടതിയിലും മറ്റൊരാൾ അലഹബാദ് ഹൈകോടതിയിലുമാണ്. ഇതൊരു നല്ല സൂചനയല്ല നൽകുന്നത്. ഒരു കോടതിയിൽ പ്രവർത്തിക്കരുതെന്ന് കൊളീജിയം ആഗ്രഹിച്ച ജഡ്ജിമാർ അവിടെതന്നെ പ്രവർത്തനം തുടർന്നാൽ എന്താണ് സംഭവിക്കുക? ഇതിന്റെ പ്രത്യാഘാതം കേന്ദ്രം മനസ്സിലാക്കണം.
ജഡ്ജി നിയമന ശിപാർശകളിൽ എട്ടുപേരെ നിയമിക്കാത്തതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിർന്നവരെ മറികടന്ന് അവരേക്കാൾ സീനിയോറിറ്റി കുറഞ്ഞവരെ കേന്ദ്രം നിയമിച്ച ഘട്ടത്തിൽ ഗുവാഹതി ഹൈകോടതി ജഡ്ജിയുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചതിനെ സുപ്രീംകോടതി ശ്ലാഘിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.