ബലാത്സംഗക്കേസിൽ എ.ബി.വി.പി നേതാവിന്‍റെ ജാമ്യം ആഘോഷിച്ചതിനെതിരെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ എ.ബി.വി.പി നേതാവിന്‍റെ ജാമ്യം സ്വാഗതം ചെയ്ത് പോസ്റ്ററുകൾ ഉയർത്തിയതിനെതിരെ സുപ്രീംകോടതി. നെറ്റിയിൽ സിന്ദൂരം ചാർത്തി മംഗല്യസൂത്രം അണിയിച്ച് യുവതിയെ ഗർഭിണിയാക്കിയ ശേഷം അലസിപ്പിച്ച മധ്യപ്രദേശിലെ എ.ബി.വി.പി നേതാവ് ശുഭംഗ് ഗോണ്ടിയക്ക് ജാമ്യം ലഭിച്ചപ്പോൾ 'ഭയ്യാ ഈസ് ബാക്ക്' ബോർഡ് വെച്ചത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചോദിച്ചു.
എ.ബി.വി.പി നേതാവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി പരിഗണിച്ചപ്പോൾ ബെഞ്ചിലെ വനിത ജഡ്ജി ജസ്റ്റിസ് ഹിമ കൊഹ്ലിയാണ് 'ഭയ്യ ഈസ് ബാക്ക്' ബോർഡ് ഉയർത്തിയതിലുടെ എന്താണ് നിങ്ങൾ ആഘോഷിക്കുന്നതെന്ന് നേതാവിനോട് ചോദിച്ച് വിഷയം എടുത്തിട്ടത്. എന്താണ് ഈ 'ഭയ്യ ഈസ് ബാക്ക്' എന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണയും ചോദിച്ചു. ഈയൊരാഴ്ച ശ്രദ്ധിക്കാൻ താങ്കളുടെ ഭയ്യയോട് പറഞ്ഞേക്കൂ എന്ന് പ്രതിഭാഗം അഭിഭാഷകനെ ചീഫ് ജസ്റ്റിസ് ഉപദേശിക്കുകയും ചെയ്തു.
ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരയായ യുവതി സമർപ്പിച്ച ഹരജിയിലാണ് നേതാവിന് സ്വാഗതമോതി ബോർഡ് സ്ഥാപിച്ചതും ജാമ്യം ആഘോഷമാക്കിയതും ബോധിപ്പിച്ചത്. സ്വകാര്യ ചടങ്ങിൽ നെറ്റിയിൽ സിന്ദൂരം ചാർത്തി മംഗല്യസൂത്രം അണിയിച്ച് വിവാഹം ചെയ്തുവെന്ന് തെറ്റിദ്ധരിപ്പിച്ച നേതാവ് തന്നെ ജനങ്ങൾക്കിടയിൽ ഭാര്യയായി അംഗീകരിച്ചില്ലെന്ന് യുവതി ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.