ബിൽകീസ് ബാനു കേസ്: പുതിയ ബെഞ്ചുണ്ടാക്കുമെന്ന് വീണ്ടും ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ ബിൽകീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 കുറ്റവാളികളെ ശിക്ഷ കാലാവധി പൂർത്തിയാക്കും മുമ്പ് ജയിൽ മോചിതരാക്കിയതിനെതിരെ സമർപ്പിച്ച ഹരജികൾ പരിഗണിക്കാൻ പുതിയ ബെഞ്ച് ഉണ്ടാക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവർത്തിച്ചു. ബിൽകീസിന്റെ കേസിൽ പുതിയ ബെഞ്ചുണ്ടാക്കുമെന്ന് കഴിഞ്ഞ മാസം ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നുവെങ്കിലും അത് നടപ്പാകാതിരുന്നത് അവരുടെ അഭിഭാഷക ശോഭ ഗുപ്ത ബുധനാഴ്ച സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം ആവർത്തിച്ചത്. 2004 മുതൽ 2006 വരെ ഗുജറാത്ത് സർക്കാറിന്റെ നിയമ സെക്രട്ടറിയായിരുന്ന ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് പുതിയ ബെഞ്ച് ആവശ്യമായി വന്നത്.
ബിൽകീസ് ബാനു കേസ് നാലു തവണ ചീഫ് ജസ്റ്റിസിന് മുന്നിൽ പരാമർശിച്ചതാെണന്ന് അഡ്വ. ശോഭ ഗുപ്ത ബോധിപ്പിച്ചു. എന്നിട്ടും പ്രാഥമികമായി കേസ് കേൾക്കാനോ കക്ഷികൾക്ക് നോട്ടീസ് അയക്കാനോ കോടതി തയാറായിട്ടില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി. 2022 നവംബർ 30നാണ് ബിൽകീസിന്റെ ഹരജി ആദ്യം പരാമർശിച്ചത്. പിന്നീട് 2022 ഡിസംബർ 14നും 2023 ജനുവരി 20നും ഏറ്റവുമൊടുവിൽ ഫെബ്രുവരി ഏഴിനും കേസ് പരാമർശിച്ചു. ഏറ്റവുമൊടുവിൽ കേസ് ശ്രദ്ധയിൽപ്പെടുത്തി 41 ദിവസം കഴിഞ്ഞിട്ടും ബിൽകീസിന്റെ ഹരജി കേൾക്കാനുള്ള കേസുകളുടെ പട്ടികയിൽപ്പെടുത്തിയിട്ടില്ലെന്നും ശോഭ വ്യക്തമാക്കി.
സുപ്രീംകോടതി നിർദേശങ്ങൾ പാടെ അവഗണിച്ച് നിയമത്തെ യാന്ത്രികമായി കണ്ടാണ് ഗുജറാത്ത് സർക്കാർ 2002 കലാപത്തിൽ തന്നെ ബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തവരെ മോചിപ്പിച്ചതെന്ന് ബിൽകീസിന്റെ ഹരജിയിലുണ്ട്. കൂട്ടബലാത്സംഗത്തിനിരയാകുന്ന സമയത്ത് അഞ്ചുമാസം ഗർഭിണിയായിരുന്നു ബിൽകീസ്.
11 പ്രതികളുടെ മോചനത്തിനെതിരെ ഇരയായ ബിൽകീസ് ബാനു നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിനാൽ അവരുടേത് മുഖ്യ ഹരജിയായി പരിഗണിക്കുമെന്നും മറ്റ് ഹരജികൾ ഇതോടൊപ്പം ചേർക്കുമെന്നും ജസ്റ്റിസ് രസ്തോഗി നേരത്തേ പറഞ്ഞിരുന്നു. ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ, മാധ്യമ പ്രവർത്തക രേവതി ലോൽ, സി.പി.എം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര തുടങ്ങിയവരാണ് മറ്റു ഹരജിക്കാർ.
അതേസമയം, 11 പ്രതികളുടെ മോചനത്തിന് ആധാരമാക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാനുള്ള ബിൽകീസ് ബാനുവിന്റെ ഹരജി കഴിഞ്ഞ ഡിസംബർ 13ന് സുപ്രീംകോടതി തള്ളിയിരുന്നു.
മഹാരാഷ്ട്രയിൽ നടന്ന വിചാരണയിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനകാര്യം ക്രിമിനൽ നടപടി ക്രമം 432(7)(ബി) പ്രകാരം തീരുമാനിക്കാനുള്ള അധികാരം മഹാരാഷ്ട്ര സർക്കാറിനായിട്ടും ഗുജറാത്ത് സർക്കാറിന് മോചന കാര്യം വിട്ടുകൊടുക്കുകയാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗിയും വിക്രംനാഥും അടങ്ങുന്ന ബെഞ്ച് മുമ്പ് ചെയ്തത്. അതിനാൽ, വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ബിൽകീസിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.