അതീഖിന്റെയും അഷ്റഫിന്റെയും കൊലപാതകത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന ഹരജി പരിഗണിക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 2017 മുതൽ യു.പിയിൽ നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വിശാൽ തിവാരി നൽകിയ പരാതി ഏപ്രിൽ 24 പരിഗണിക്കാമെന്ന് സുപ്രീംകോടതി. യു.പി പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്ന രാഷ്ട്രീയ നേതാവ് അതീഖ് അഹ്മദും സഹോദരൻ അഷ്റഫും ഏപ്രിൽ 15ന് പ്രയാഗ് രാജിൽ കൊല്ലപ്പെട്ടതും ഹരജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
പ്രയാഗ് രാജ് മെഡിക്കൽ കോളജിലേക്ക് പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെ പൊലീസ് സുരക്ഷയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മാധ്യമ പ്രവർത്തകർ ചമഞ്ഞെത്തിയ മൂന്നുപേർ പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചാണ് സഹോദരങ്ങളെ കൊന്നത്.
വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന് വിശാൽ തിവാരി കോടതിയോട് ആവശ്യപ്പെട്ടു. അതീഖിന്റെയും അഷ്റഫിന്റെയും കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സ്വതന്ത്ര അന്വേഷണ കമ്മിറ്റി രൂപീകരിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് വിശാൽ സബ്മിഷൻ ഉന്നയിച്ചത്. 2017 മുതൽ 183 ഏറ്റുമുട്ടലുകളാണ് യു.പിയിൽ നടന്നത്.
ഏപ്രിൽ 13ന് ഏറ്റുമുട്ടലിൽ പൊലീസ് കൊലപ്പെടുത്തിയ അതീഖിന്റെ മകൻ ആസാദിന്റെ അന്ത്യ കർമങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് അതീഖിന്റെ കൊലപാതകം നടന്നത്. യോഗി ആദിത്യനാഥ് സർക്കാറിന്റെ ആറു വർഷത്തെ ഭരണത്തിനിടെ 183 കുറ്റവാളികളെ ഇല്ലാതാക്കിയെന്ന് വെള്ളിയാഴ്ച പൊലീസ് അവകാശപ്പെട്ടിരുന്നു. ഇതിൽ ആസാദും സഹായിയും ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.