ദയാവധത്തിന് സോപാധിക അനുമതി; അന്തസ്സാർന്ന മരണം മൗലികാവകാശമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: നിഷ്ക്രിയ ദയാവധം ഉപാധികളോടെ അനുവദനീയമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാത്ത ഘട്ടത്തിൽ തനിക്ക് ചികിത്സ നൽകാതെ ദയാവധം അനുവദിക്കണമെന്ന് മുൻകൂറായി മരണ സമ്മതപത്രം സമർപ്പിക്കാമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. അന്തസ്സാർന്ന മരണത്തിനുള്ള അവകാശംകൂടി അടങ്ങുന്നതാണ് അന്തസ്സോടെ ജീവിക്കാനുള്ള പൗരെൻറ മൗലികാവകാശമെന്ന് വ്യക്തമാക്കിയ വിധിയിൽ ദയാവധത്തിനും മുൻകൂർ മരണ സമ്മതപത്രത്തിനുമുള്ള സമഗ്ര മാർഗനിർദേശങ്ങളുമുണ്ട്.യന്ത്രസംവിധാനം കൊണ്ട് കൃത്രിമമായി ജീവൻ നിലനിർത്തുന്ന രോഗികളെ അത് പിൻവലിച്ച് മരണത്തിന് അനുവദിക്കുന്ന നിഷ്ക്രിയ ദയാവധത്തിനാണ്(പാസീവ് യുത്തനേസിയ) അനുമതി. ജീവൻ കൃത്രിമമായി നിലനിർത്തുന്ന സംവിധാനം പിൻവലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സുപ്രീംകോടതി വിശദീകരിച്ചു. എന്നാൽ, ഒരു രോഗിയുടെ ജീവൻ എന്തെങ്കിലും സംവിധാനം ഉപയോഗിച്ച് അവസാനിപ്പിക്കുന്ന തരത്തിൽ ദയാവധം(ആക്റ്റീവ് യുത്തനേസിയ) അനുവദിക്കില്ല.
പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന ‘കോമൺ കോസ്’ 2005ൽ സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് വിധി. മരണത്തിനുള്ള സാധ്യതയുണ്ടെങ്കിൽപോലും ഒരാൾക്ക് പ്രത്യേകമായ ഏതെങ്കിലും ചികിത്സയോ എല്ലാ ചികിത്സയും വേണ്ടെന്നു വെക്കാനോ ബദൽചികിത്സ രീതി തെരഞ്ഞെടുക്കാനോ അവകാശമുണ്ട്. രോഗി തനിക്ക് ചികിത്സ വേണ്ടെന്ന് മുൻകൂറായി തയാറാക്കിയ സമ്മതപത്രം സംശയത്തിനിട നൽകാത്തതാണെങ്കിൽ അത് അംഗീകരിക്കണം.ഭരണഘടനയുടെ 21ാം അനുഛേദം അനുവദിക്കുന്ന ജീവിതത്തിനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം വ്യക്തിയുടെ അന്തസ്സിെൻറ പരിധിയിൽ വരില്ലെങ്കിൽ പിന്നെ അതിനർഥമില്ല. ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയുമെന്ന് പ്രതീക്ഷയില്ലാത്ത ഒരു വ്യക്തിക്ക് സുഖകരമായി മരിക്കാനുള്ള സൗകര്യമൊരുക്കുക എന്നത് അന്തസ്സാർന്ന ജീവിതത്തിനുള്ള അവകാശത്തിൽപെടുന്നതാണ്. നിയമപരമായ മാർഗനിർദേശങ്ങളുടെ അഭാവം സുഖകരമായി മരിക്കാനും അന്തസ്സാർന്ന ജീവിതത്തിനും വഴിെയാരുക്കാതിരിക്കാൻ കാരണമാകും.
അതുകൊണ്ടാണ് പല രാജ്യങ്ങളും നിയമനിർമാണങ്ങൾ നടത്തിയും കോടതിവിധികൾ വഴിയും നിഷ്ക്രിയ ദയാവധത്തിന് അനുമതി നൽകിയത്. ജീവെൻറ പവിത്രത കാത്തുസൂക്ഷിക്കണമെന്നതിനാൽ ജീവിതത്തിലേക്ക് ഒരു തിരിച്ചുവരവിൽ പ്രതീക്ഷയില്ലാത്തവരുടെ കാര്യത്തിൽ അവരുടെ സ്വയംനിർണയാവകാശത്തിനും മുൻകൂർ അനുമതിക്കുമാണ് മുൻഗണന നൽകേണ്ടത്. അത്തരം അനുമതി ഇല്ലെങ്കിലും അത് നൽകാൻ കഴിയാത്ത സാഹചര്യത്തിലുമാണെങ്കിൽ ആശ്രിതർക്കോ ബന്ധുക്കൾക്കോ ഇൗ ആവശ്യവുമായി സമീപിക്കാനുള്ള സംവിധാനം ആവശ്യമാണ്. എന്നാൽ, പ്രാേയാഗികമായി രോഗിയുടെ സമ്മതം വാങ്ങാൻ കഴിയാത്ത രോഗാവസ്ഥയിലാകുേമ്പാൾ ‘അടിയന്തര തത്വം’ പരിഗണിക്കേണ്ടി വരും.ഇൗ രണ്ട് സാഹചര്യങ്ങളിലും അനുവദിക്കാവുന്ന തരത്തിലാണ് ദയാവധത്തിനുള്ള സമഗ്ര മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. പാർലമെൻറ് ഇക്കാര്യത്തിൽ ഒരു നിയമനിർമാണം നടത്തും വരെ ഇൗ മാർഗനിർേദശങ്ങൾ നിലനിൽക്കുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് എ.എം. ഖൻവിൽകറും ചേർന്ന് എഴുതിയ വിധി പ്രസ്താവത്തെ പിന്തുണച്ച് ഇൗ നിലപാടിനെ ബലെപ്പടുത്തുന്ന കുറെക്കൂടി വാദമുഖങ്ങൾ നിരത്തിയ ജസ്റ്റിസുമാരായ എ.കെ. സിക്രിയും അശോക് ഭൂഷണും ഡി.വൈ. ചന്ദ്രചൂഡും വെവ്വേറെ മൂന്ന് അനുബന്ധ വിധി പ്രസ്താവങ്ങളും പുറപ്പെടുവിച്ചു.
കർശന ഉപാധികൾ
- ദയാവധം ആവശ്യപ്പെടുന്നയാളിന് ആരോഗ്യപരമായി ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയില്ലെന്ന് ഉറപ്പാക്കണം.
- മുൻകൂർ മരണസമ്മതപത്രം തയാറാക്കുന്നത് പ്രായപൂർത്തിയായ മാനസികാരോഗ്യമുള്ളയാളായിരിക്കണം.
- സമ്മർദമില്ലാതെ സ്വന്തംനിലക്ക് തയാറാക്കിയതായിരിക്കണം.
- ഏതു സാഹചര്യത്തിലാണ് ചികിത്സ അവസാനിപ്പിക്കേണ്ടത് എന്ന് വ്യക്തമായി രേഖപ്പെടുത്തണം.
- സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത ഘട്ടത്തിൽ ദയാവധത്തിൽ തീരുമാനമെടുക്കേണ്ട ബന്ധുവാരാണെന്ന് വ്യക്തമാക്കണം.
- മരണ സമ്മതപത്രത്തിൽ സ്വതന്ത്രരായ രണ്ട് സാക്ഷികൾ ഒപ്പുവെക്കുകയും അതിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേലൊപ്പിടുകയും വേണം.
- മരണപത്രം തയാറാക്കിയ വ്യക്തി ചുമതലപ്പെടുത്തിയ ബന്ധു ദയാവധത്തിനായി ഹൈകോടതിയെ സമീപിക്കണം.
- മരണപത്രമില്ലാത്തവരുടെ കാര്യത്തിൽ അടുത്ത ബന്ധുക്കളോ പരിചരിക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാരോ ഉദ്യോഗസ്ഥരോ അപേക്ഷ സമര്‍പ്പിക്കണം.
- അപേക്ഷ പരിഗണിക്കുന്ന ഹൈകോടതി, കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ജില്ല മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കണം.
- തുടര്‍ന്ന് ജില്ല മജിസ്ട്രേറ്റ് ഒരു മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്കി രോഗിയുടെ ആരോഗ്യാവസ്ഥ പരിശോധിക്കണം.
- ജില്ല മെഡിക്കൽ ഒാഫിസർ തലവനായ മെഡിക്കൽ ബോർഡിൽ ജനറൽ െമഡിസിൻ, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, സൈക്യാട്രി, ഒാേങ്കാളജി എന്നീ മേഖലകളിൽ നിന്നുള്ള മൂന്ന് വിദഗ്ധ ഡോക്ടർമാർ ഉണ്ടാകണം.
- ബോർഡിെൻറ തീരുമാനം അനുകൂലമല്ലെങ്കിൽ അപേക്ഷകന് ഹൈകോടതിയെ വീണ്ടും സമീപിക്കാം
ചരിത്ര വിധിയുടെ നാൾവഴി
ഉപാധികളോടെ ദയാവധം അനുവദിക്കാമെന്ന സുപ്രീംകോടതിയുടെ ചരിത്രപ്രധാന വിധിയുടെ നാൾവഴി.
- മേയ് 11, 2005: അസുഖം കാരണം ജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്തവർക്ക് നേരേത്ത തയാറാക്കിയ സമ്മതപത്രത്തിെൻറ അടിസ്ഥാനത്തിൽ നിഷ്ക്രിയ ദയാവധത്തിന് അനുവദിക്കണമെന്ന സന്നദ്ധസംഘടനയായ ‘കോമൺ കോസിെൻറ’ പൊതുതാൽപര്യ ഹരജി പരിഗണിച്ച സുപ്രീംകോടതി വിഷയത്തിൽ കേന്ദ്രത്തിെൻറ വിശദീകരണം തേടി. അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്നതുപോലെ അന്തസ്സോടെ മരിക്കാനും അവകാശമുണ്ടെന്ന് ‘കോമൺ കോസ്’ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
- ജനുവരി 16, 2006: ദയാവധം എങ്ങനെയാവാം എന്നതുസംബന്ധിച്ച് ഡൽഹി മെഡിക്കൽ കൗൺസിലിനോട് രേഖകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
- ഏപ്രിൽ 28: ദയാവധവുമായി ബന്ധപ്പെട്ട് നിയമനിർമാണം വേണമെന്ന് നിയമ കമീഷൻ നിർദേശം. ഇതുമായി ബന്ധപ്പെട്ട അപേക്ഷകളിൽ വിദഗ്ധരുടെ സഹായത്തോടെ ഹൈകോടതിക്ക് അനുമതി നൽകുന്ന രീതിയിലായിരിക്കണം നിയമമെന്നും നിയമ കമീഷൻ.
- ജനുവരി 31, 2007: ഹരജിയിൽ ബന്ധപ്പെട്ടവരോട് രേഖകൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
- മാർച്ച് 7, 2011: മറ്റൊരു പ്രത്യേക ഹരജിയിൽ മുംബൈയിലെ ആശുപത്രിയിൽ വർഷങ്ങളായി അബോധാവസ്ഥയിൽ കഴിയുന്ന നഴ്സ് അരുണ ഷാൻബാഗിെൻറ ദയാവധത്തിന് സുപ്രീംകോടതി അനുമതി നൽകി. പിന്നീട് ഇൗ ഉത്തരവ് സുപ്രീംകോടതി തന്നെ റദ്ദാക്കി.
- ജനുവരി 23, 2014: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേസിൽ അവസാന വാദം കേൾക്കാൻ തുടങ്ങി.
- ഫെബ്രുവരി 11: കേസിൽ സുപ്രീംകോടതി വിധി മാറ്റിവെച്ചു.
- ഫെബ്രുവരി 25: അരുണ ഷാൻബാഗിെൻറ ദയാവധവുമായി ബന്ധപ്പെട്ട ഉത്തരവിൽ ഉൾപ്പെടെ അവ്യക്തതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി പൊതുതാൽപര്യ ഹരജി ഭരണഘടന ബെഞ്ചിന് വിട്ടു.
- ജൂലൈ 15: ഹരജിയിൽ വാദം തുടങ്ങിയ ഭരണഘടന ബെഞ്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നോട്ടീസ് അയച്ചു. കോടതിയെ സഹായിക്കാൻ സീനിയർ അഭിഭാഷകൻ ടി.ആർ. അന്ത്യാർജുനയെ നിയോഗിച്ചു. കേസിെൻറ തുടർനടപടിക്കിടെ ഇദ്ദേഹം മരിച്ചു.
- ഫെബ്രുവരി 15, 2016: വിഷയം ചർച്ചചെയ്യുകയാണെന്ന് കേന്ദ്രം.
- ഒക്ടോബർ 11, 2017: പിന്നീട് ഹരജിയിൽ വാദം കേട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക്മിശ്രയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് കേസിൽ വിധി പറയാനായി മാറ്റിവെച്ചു.
- മാർച്ച് 9, 2018: അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്തവർക്ക് നേരേത്തയുള്ള സമ്മതപത്രത്തിെൻറ അടിസ്ഥാനത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കി നിഷ്ക്രിയ ദയാവധം അനുവദിക്കാമെന്ന് സുപ്രീംകോടതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.