ആംഗ്യഭാഷയിൽ വാദം കേട്ട് സുപ്രീംകോടതി; ആദ്യം, പുതുചരിത്രം
text_fieldsന്യൂഡൽഹി: എല്ലാവരെയും ഉൾക്കൊള്ളുകയെന്ന സന്ദേശമുയർത്തി ആദ്യമായി ആംഗ്യഭാഷയിൽ വാദം കേട്ട് സുപ്രീംകോടതി. അഭിഭാഷക സാറ സണ്ണിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ ആംഗ്യഭാഷയിൽ വാദിച്ചത്. ഓൺലൈനിലൂടെയായിരുന്നു വാദം കേൾക്കൽ.
ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളാണ് വെള്ളിയാഴ്ച നടന്ന വിർച്വൽ ഹിയറിങ്ങിൽ ബധിരയും മൂകയുമായ അഡ്വ. സാറ സണ്ണി അവതരിപ്പിച്ചത്. സഹായിയായി ആംഗ്യഭാഷ പരിഭാഷപ്പെടുത്താനുള്ളയാളുമുണ്ടായിരുന്നു.
വിർച്വൽ ഹിയറിങ്ങിൽ സാറ സണ്ണിയുടെ പരിഭാഷകനായ സൗരവ് റോയ്ചൗധരി മാത്രമായിരുന്നു ആദ്യം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അഭിഭാഷകയുടെ ആംഗ്യങ്ങൾ ഇദ്ദേഹം കോടതിക്കും, തിരിച്ചും പരിഭാഷപ്പെടുത്തി. ഇതിനിടെ, ചീഫ് ജസ്റ്റിസ് ഇടപെട്ട് അഡ്വ. സാറ സണ്ണിക്കും സ്ക്രീനിൽ വരാനുള്ള അവസരം ഒരുക്കാൻ വിർച്വൽ കോർട്ട് സൂപർവൈസർക്ക് നിർദേശം നൽകി. ഇതോടെ ഇരുവരും ഒരുമിച്ചായി വാദം.
ഇരുവരും തമ്മിലുള്ള ആശയവിനിമയം കോടതിക്ക് കൗതുകവും പുതിയ അനുഭവവുമായി മാറി. നീതി ലഭിക്കാന്‍ എല്ലാവര്‍ക്കും ഒരേപോലെ അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിന്‍റെ വേഗതയിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
ഭിന്നശേഷിക്കാരെ കൂടുതല്‍ പരിഗണിക്കണമെന്നും, അവര്‍ക്ക് വേഗം നീതി നടപ്പാക്കി കൊടുക്കണമെന്നും കഴിഞ്ഞ വര്‍ഷം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് ഉത്തരവിട്ടിരുന്നു. തുല്യനീതി ഉറപ്പാക്കാനായും നീതിന്യായ സംവിധാനം കൂടുതൽ പ്രാപ്യമാക്കുന്നതിനും ഭിന്നശേഷിക്കാർ കോടതിയിൽ വരുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികൾ മനസ്സിലാക്കുന്നതിനുമായി സുപ്രീംകോടതി സമുച്ചയത്തിന്‍റെ വിശദമായ പ്രവേശനക്ഷമത ഓഡിറ്റിന് അദ്ദേഹം ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.