26 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ വിവാഹിതയ്ക്ക് അനുമതി നൽകി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: 26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ വിവാഹിതയായ സ്ത്രീക്ക് അനുമതി നൽകി സുപ്രീംകോടതി. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ നൽകിയ ഹരജിയിലാണ് വിധി.
രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചതിന് ശേഷം 'പോസ്റ്റ്-പാർട്ടം ഡിപ്രഷൻ' എന്ന വിഷാദാവസ്ഥ അനുഭവിക്കുകയാണ് താനെന്നും മാനസികാരോഗ്യത്തിന് ചികിത്സ തേടുകയാണെന്നും സ്ത്രീ കോടതിയെ അറിയിച്ചു. ഗർഭനിരോധന മാർഗം പരാജയപ്പെട്ടതുമൂലമാണ് വീണ്ടും ഗർഭിണിയായതെന്നും മുൻകൂട്ടി തയാറെടുത്തുള്ള ഗർഭമല്ലെന്നും ഇവർ പറഞ്ഞു. ഗർഭിണിയാണെന്ന കാര്യം ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. വീണ്ടുമൊരു കുഞ്ഞിനെ പ്രസവിക്കുന്നത് മാനസികമായും വൈകാരികമായും സാമ്പത്തികമായും തകർക്കുമെന്നും ഇവർ കോടതിയെ അറിയിച്ചു.
ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒരു സ്ത്രീക്ക് തന്‍റെ ശരീരത്തിലുള്ള അവകാശത്തെ അംഗീകരിക്കുന്നുവെന്ന് കോടതി പറഞ്ഞു. കുഞ്ഞ് ജനിക്കുകയാണെങ്കിൽ അതിനെ വളർത്തുന്നതിൽ വലിയ പങ്ക് ഉത്തരവാദിത്തം വഹിക്കേണ്ടത് ഹരജിക്കാരിയാണ്. എന്നാൽ, ഈ അവസ്ഥയിൽ താൻ അതിന് പ്രാപ്തയല്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുവാദം നൽകുകയാണ് -കോടതി വ്യക്തമാക്കി. മുലയൂട്ടുന്ന അമ്മ വീണ്ടും ഗർഭിണിയാകുന്നത് അപൂർവമാണെന്നും അതിനാൽ ഇത് അപൂർവമായ കേസായി പരിഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ, ഹരജിക്കാരിയുടെ ആരോഗ്യാവസ്ഥ വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ എയിംസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ ബോർഡിന്‍റെ മേൽനോട്ടത്തിലാണ് ഗർഭഛിദ്രം നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.