കാര്‍ ലൈസന്‍സില്‍ വലിയ വാഹനമോടിക്കാമെന്ന് സുപ്രീംകോടതി; നിയമഭേദഗതിയിലൂടെ തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍
text_fieldsകാര്‍ ലൈസന്‍സില്‍ മിനി ടിപ്പര്‍വരെ ഓടിക്കാന്‍ സുപ്രീംകോടതി അനുവദിച്ചെങ്കിലും നിയമഭേദഗതിയിലൂടെ തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ (എല്‍.എം.വി.) നിര്‍വചനം മാറ്റുന്ന ഭേദഗതി അന്തിമഘട്ടത്തിലാണ്.
എല്‍.എം.വി. ലൈസന്‍സില്‍ 7500 കിലോയ്ക്കുതാഴെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാമെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതുമറികടക്കാന്‍ എല്‍.എം.വി.യെ രണ്ടുവിഭാഗങ്ങളായി തിരിക്കുന്നതാണ് കേന്ദ്രഭേദഗതി. 3500 കിലോയ്ക്കുതാഴെ ഭാരമുള്ളവയാണ് ആദ്യവിഭാഗം. കാറുകളെല്ലാം ഇതില്‍വരും. 3500-നും 7500 കിലോയ്ക്കുമിടയില്‍ ഭാരമുള്ളവ എല്‍.എം.വി. രണ്ടാംവിഭാഗം.
7500-നും 12,000 കിലോയ്ക്കുമിടയില്‍ ഭാരമുള്ള വാഹനങ്ങള്‍ മിനി പാസഞ്ചര്‍, മിനി ഗുഡ്സ് വിഭാഗത്തില്‍വരും. ഡ്രൈവര്‍ക്കുപുറമേ ആറുപേരെ കയറ്റാവുന്ന 12,000 കിലോയ്ക്കുമുകളില്‍ ഭാരമുള്ളവ ഹെവി വാഹനങ്ങളായി പരിഗണിക്കും. മീഡിയം ഗുഡ്സ്, പാസഞ്ചര്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക ഡ്രൈവിങ് ലൈസന്‍സുണ്ടാകും.
3500-7500 കിലോയ്ക്കിടയില്‍ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ വ്യാപകമായതോടെയാണ് കേന്ദ്രം നിയമഭേദഗതിക്ക് ഒരുങ്ങിയത്. കാര്‍ ലൈസന്‍സില്‍ ഇവ ഓടിക്കുന്നത് അപകടകരമാണെന്നാണ് നിഗമനം.
7500 കിലോയില്‍ താഴെ ഭാരമുള്ള വാഹനങ്ങള്‍ എല്‍.എം.വി. ലൈസന്‍സില്‍ ഓടിക്കാമെന്ന ആദ്യവിധി കേരളത്തില്‍ നടപ്പാക്കിയിരുന്നു. കേന്ദ്രഭേദഗതി ഉടനുണ്ടാകുമെന്നതിനാല്‍ കര്‍ണാടക ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ സുപ്രീംകോടതി വിധി ഉടനെ നടപ്പാക്കാനിടയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.