പുരി രഥയാത്ര നടത്താൻ സുപ്രീംകോടതി അനുമതി
text_fieldsന്യൂഡൽഹി: കർശന നിയന്ത്രണങ്ങളോടെ ഒഡീഷയിലെ പ്രസിദ്ധമായ പുരി രഥയാത്ര നടത്താൻ സുപ്രീംകോടതി അനുമതി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ക്ഷേത്ര സമിതി എന്നിവരുടെ സഹകരണത്തോടെ രഥയാത്ര സംഘടിപ്പിക്കാനാണ് കോടതി അനുമതി നൽകിയത്. സാഹചര്യം നിയന്ത്രണവിധേയമല്ലെന്ന് കണ്ടെത്തിയാൽ രഥയാത്രയും ഉൽസവവും ഒഡീഷ സർക്കാറിന് നിർത്തിവെക്കാമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കോടികണക്കിന് വിശ്വാസികളുടെ വിഷയമാണിതെന്ന് സോളിസിറ്റർ ജനറൽ സുരേഷ് മേത്ത കോടതിയെ അറിയിച്ചു. വിശ്വാസമനുസരിച്ച് ജഗന്നാഥ ഭഗവാൻ ചൊവ്വാഴ്ച പുറത്തേക്ക് വന്നില്ലെങ്കിൽ 12 വർഷത്തേക്ക് അതിന് കഴിയില്ല. സംസ്ഥാനത്തിന് നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്താം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ക്ഷേത്ര ജീവനക്കാർക്കും ചടങ്ങിൽ പങ്കെടുക്കാമെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
നിയന്ത്രണങ്ങൾക്ക് വിധേയമായി രഥയാത്ര സംഘടിപ്പിക്കുന്നതിനെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സുപ്രീംകോടതിയിൽ പിന്തുണച്ചിരുന്നു. ഈ മാസം 23നാണ് രഥയാത്ര സംഘടിപ്പിക്കേണ്ടത്. ജഗന്നാഥ ഭഗവാന്‍റെ ഏറ്റവും വലിയ ക്ഷേത്രമാണ് തീരദേശ ജില്ലയായ പുരിയിൽ സ്ഥിതി ചെയ്യുന്നത്. രഥയാത്രയിലും ഉൽസവത്തിലും ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷകണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.