ഡിഫൻസ് അക്കാദമി പരീക്ഷ എഴുതാൻ സ്ത്രീകൾക്കും അനുമതി നൽകി സുപ്രീംകോടതി; സേനയുടെ നിലപാട് ലിംഗവിവേചനമെന്ന്
text_fieldsന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയെഴുതാൻ സ്ത്രീകൾക്കും അനുമതി നൽകി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്റ്റംബർ അഞ്ചിനാണ് പരീക്ഷ നടക്കാനിരിക്കുന്നത്. ലിംഗവിവേചനപരമായ നയങ്ങൾക്ക് സേനയെ കോടതി വിമർശിക്കുകയും ചെയ്തു.
ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷകളെഴുതാൻ സ്ത്രീകൾക്ക് അനുമതിയില്ലാത്തതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹരജിയിലെ അന്തിമ വിധിയനുസരിച്ചേ പരീക്ഷാഫലം പ്രഖ്യാപിക്കാവൂവെന്നും കോടതി നിർദേശിച്ചു. ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിനായി വിജ്ഞാപനം ഇറക്കാനും ആവശ്യമായ പ്രചാരണം നൽകാനും യു.പി.എസ്.സിക്ക് നിർദേശം നൽകി.
സായുധസേനയില്‍ സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യാവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്നമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. ലിംഗവിവേചനത്തിലൂന്നിയ നയങ്ങളാണിത്.
സൈന്യത്തിൽ പ്രവേശിക്കാനുള്ള മൂന്ന് മാർഗങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമേ സ്ത്രീകൾക്ക് അനുവാദമുള്ളൂവെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. ഇന്ത്യൻ മിലിട്ടറി അക്കാദമി, ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി എന്നിവയാണിവ. ഇത് നയപരമായതും ദേശസുരക്ഷയെ മുൻനിർത്തിയുമുള്ള തീരുമാനമാണെന്നും അഡിഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.
എന്നാൽ ഇതിനെ വിമർശിച്ച കോടതി, തങ്ങളുടെ ഇടപെടൽ കൂടാതെ സ്വയം എന്തെങ്കിലും ചെയ്യുന്നതിൽ സൈന്യത്തിന് വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി. എല്ലാ സമയത്തും കോടതി ഇടപെടൽ കാത്തിരിക്കരുത്. ലിംഗനീതിയുടെ വിശാല അർഥം മനസിലാക്കണമെന്നും അതിനനുസൃതമായ മാറ്റങ്ങൾ വരുത്തണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.