പ്രതിഷേധ അവകാശം സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രതിഷേധിക്കാനുള്ള അവകാശം, അതിനെതിരായ നടപടി തുടങ്ങിയവക്ക് എല്ലാ സാഹചര്യങ്ങൾക്കുമായി നയമുണ്ടാക്കാനാകില്ലെന്ന് സുപ്രീംകോടതി. ഓരോ സാഹചര്യവും വ്യത്യസ്തങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ഡൽഹിയിലെ ശാഹീൻബാഗിൽ നടന്ന പൗരത്വ ഭേദഗതിനിയമ വിരുദ്ധ സമരത്തിനെതിരെ റോഡ് ഗതാഗതം തടഞ്ഞ സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹരജികൾ വിധിപറയാൻ മാറ്റുേമ്പാഴായിരുന്നു ഈ പരാമർശം.
പ്രതിഷേധിക്കാനുള്ള അവകാശവും സഞ്ചാരസ്വാതന്ത്ര്യവും തമ്മിൽ ഒത്തുപോകേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ എസ്.കെ.കൗൾ, അനിരുദ്ധ് ബോസ്, കൃഷ്ണ മുരാരി എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പാർലമെൻററി ജനാധിപത്യത്തിൽ പാർലമെൻറിലും റോഡിലും പ്രക്ഷോഭമുണ്ടാകാം. പക്ഷേ, റോഡിലുള്ള പ്രക്ഷോഭങ്ങൾ സമാധാനപരമായിരിക്കണം-കോടതി വ്യക്തമാക്കി. സമാധാനപരമായ പ്രക്ഷോഭം അവകാശമാണെന്നും 'ഒരു' പാർട്ടിയുടെ ഇടപെടലാണ് കലാപത്തിന് കാരണമായതെന്നും കേസിൽ ഹാജരായ അഭിഭാഷകൻ മഹ്മൂദ് പ്രാച പറഞ്ഞു. ഭരണകൂടം വിമർശനാതീതമല്ല. ഒരു പാർട്ടിയുടെ പ്രവർത്തകർ പൊലീസുമായി അവിടെയെത്തി പ്രശ്ങ്ങളുണ്ടാക്കുകയായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സമരങ്ങൾ ഭാവിയിലുണ്ടാകരുതെന്ന് അഡ്വ. അമിത് സാഹ്നി പറഞ്ഞു. ഹരിയാനയിൽ കഴിഞ്ഞദിവസം സമരത്തിനിടെയുണ്ടായ ഗതാഗത തടസ്സം അദ്ദേഹം കോടതി മുമ്പാകെ ഉന്നയിച്ചു.പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്നും ഇക്കാര്യത്തിൽ ചില കോടതി വിധികൾ ഉണ്ടെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ േമത്ത പറഞ്ഞു.
കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് 24ന് സമരക്കാരെ പൊലീസ് നീക്കംചെയ്തെങ്കിലും ഈ വിശാലമായ വിഷയത്തിൽ വിധിയുണ്ടാകുമെന്ന് ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.