കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി; പിന്നാക്ക സംവരണ മാനദണ്ഡം മുന്നാക്ക സംവരണത്തിന് പറ്റില്ല
text_fieldsന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിൽ ഉപയോഗിച്ച മാനദണ്ഡം എടുത്ത് മുന്നാക്ക സംവരണത്തിന് ഉപയോഗിക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി . മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സൂചികകൾ എന്തൊക്കെയാണെന്നും അവ നിർണയിക്കുന്നതിന് കേന്ദ്ര സർക്കാർ കൈക്കൊണ്ട നടപടി എന്താണെന്നും സുപ്രീംകോടതി ചോദിച്ചു. മുന്നാക്ക ജാതിക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ എട്ടു ലക്ഷം രൂപ വാർഷിക വരുമാനം മാനദണ്ഡമായി സ്വീകരിച്ച നടപടി ചോദ്യം ചെയ്താണ് സുപ്രീംകോടതി വിമർശനം.
അഖിലേന്ത്യ മെഡിക്കൽ സീറ്റുകളിൽ 27 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും (ഒ.ബി.സി) 10 ശതമാനം മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും (ഇ.ഡബ്ല്യു.എസ്) സംവരണം ചെയ്തതിനെതിരെ സമർപ്പിച്ച ഹരജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. മുന്നാക്ക സംവരണത്തിെൻറ വരുമാന മാനദണ്ഡം സർക്കാറിെൻറ നയവുമായി ബന്ധപ്പെട്ട വിഷയമാണെന്ന വാദം തള്ളിയ സുപ്രീംകോടതി മുന്നാക്ക സംവരണത്തിന് ഭരണഘടന ഭേദഗതിയുണ്ടെങ്കിലും അത് നിശ്ചയിക്കാൻ വരുമാന പരിധി നിർണയിച്ചത് നയപരമായ തീരുമാനമാണെന്ന് പറയാനാവില്ലെന്ന് അഭിപ്രായപ്പെട്ടു.
പിന്നാക്ക സംവരണ വിഭാഗങ്ങളിലെ ക്രീമിലെയറിനെ തീരുമാനിക്കാൻ ഏറ്റവുമൊടുവിൽ നിർണയിച്ച വരുമാന പരിധിയാണ് എട്ടു ലക്ഷമെന്ന കേന്ദ്ര സർക്കാറിെൻറ വാദം സുപ്രീംകോടതി ചോദ്യം ചെയ്തു. പിന്നാക്ക വിഭാഗങ്ങളിൽ ഉപയോഗിച്ച മാനദണ്ഡം അപ്പടി എടുത്ത് മുന്നാക്ക സംവരണത്തിന് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് സുപ്രീംകോടതി ചോദിച്ചു. മുന്നാക്ക സംവരണവിഭാഗങ്ങൾക്ക് സാമൂഹികമായ പിന്നാക്കാവസ്ഥയില്ല. അതിനാൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള മാനദണ്ഡം അവർക്ക് യോജിക്കില്ല. മുന്നാക്ക സംവരണത്തിന് വരുമാനം മാത്രമാണോ അതോ വരുമാനത്തിനൊപ്പം സ്വത്തുവഹകളും കൂടിയാണോ പരിഗണിച്ചതെന്ന് ബെഞ്ച് ചോദിച്ചു.
സാമ്പത്തിക അഭിവൃദ്ധി നേടുന്നതോടെ സാമൂഹികമായ പിന്നാക്കാവസ്ഥയുടെ അടയാളമില്ലാതാകുമെന്നതാണ് ക്രീമിലെയർ സങ്കൽപം എന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. എന്നാൽ മുന്നാക്ക സംവരണക്കാർക്ക് സാമൂഹികമായ പിന്നാക്കാവസ്ഥയുെട അടയാളമില്ലാതാക്കുക എന്ന സങ്കൽപമേ ഇല്ല എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ഒാർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.