സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്ന് അജിത് പവാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എൻ.സി.പി) അജിത് പവാർ പക്ഷത്തിന് വീണ്ടും സുപ്രീംകോടതിയുടെ വിമർശനം. പാർട്ടി സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. എൻ.സി.പി-എസ്.പി നേതാവ് ശരദ് പവാറിന്റെ ചിത്രങ്ങളോ വിഡിയോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്. ഇരുപാർട്ടികളും തങ്ങളുടേതായ വ്യക്തിത്വം പാലിക്കണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.
അജിത് പവാർ ഇപ്പോഴും ശരദ് പവാറിന്റെ സൽപ്പേര് ഉപയോഗിച്ചാണ് നേട്ടമുണ്ടാക്കുന്നതെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്വി കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ. പാർട്ടികൾ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചാലും വോട്ടർമാർ അതേക്കുറിച്ച് ബോധവാന്മാരാണെന്ന് കോടതി പറഞ്ഞു. അധികാരതര്‍ക്കത്തെ തുടര്‍ന്ന് ശരദ് പവാര്‍ നയിക്കുന്ന പാര്‍ട്ടിയിൽനിന്ന് വിട്ട അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ഥ എൻ.സി.പിയെന്ന് ഫെബ്രുവരി ആറിന് തെരഞ്ഞെടുപ്പ് കമീഷന് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് വ്യവസ്ഥകളോടെ 2024 പാർലമെൻറ് തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ക്ലോക്ക് ചിഹ്നം ഉപയോഗിക്കാൻ അജിത് പവാർ വിഭാഗത്തിന് കോടതി അനുമതി നൽകി. എന്നാൽ, ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതിന് കോടതിയുടെ വ്യവസ്ഥകൾ അജിത് പവാർ വിഭാഗം പാലിക്കുന്നില്ലെന്ന് കാണിച്ചാണ് ശരദ് പവാർ വീണ്ടും ഹരജി സമർപ്പിച്ചത്.
തെരഞ്ഞെടുപ്പിൽ ശരദ്പവാറിന്റെ എൻ.സി.പിയുമായി നടക്കുന്ന നിയമപോരാട്ടത്തിന്റെ ഫലത്തിന് അനുസരിച്ചാവും ‘ക്ലോക്ക്’ ചിഹ്നം എന്ന് വ്യക്തമാക്കുന്ന പത്രപ്പരസ്യം നൽകണമെന്ന് അജിത് പവാർ വിഭാഗത്തിന് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ശരദ് പവാറിന്റെ ചിത്രം ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കാനും അജിത് പക്ഷത്തോട് കോടതി നിര്‍ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷനില്‍നിന്ന് തിരിച്ചടി നേരിട്ടതിന് പിന്നാലെ ശരദ് പവാര്‍ നേതൃത്വം നല്കുന്ന വിഭാഗത്തിന് ‘നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ്ചന്ദ്ര പവാര്‍’ എന്നാണ് പുതിയ പേര് നിര്‍ദേശിച്ചിട്ടുള്ളത്. നവംബർ 20നാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.