കടല്‍ക്കൊല കേസിൽ മത്സ്യത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ബോട്ടിലുണ്ടായിരുന്ന ഒമ്പതു മത്സ്യത്തൊഴിലാളികള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ബോട്ട് ഉടമക്ക് നഷ്ടപരിഹാരമായി ലഭിക്കുന്ന രണ്ടു കോടി രൂപയില്‍നിന്നാണ് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ബാക്കിയുള്ള 1.45 കോടി രൂപ ബോട്ടുടമക്ക് കൈമാറണമെന്നും ജസ്റ്റിസുമാരായ എം.ആര് ഷാ, എം.എം സുന്ദരേഷ് എന്നിവര്‍ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരില്‍ പ്രായപൂര്‍ത്തിയാകാത്ത വ്യക്തി ഉണ്ടായിരുന്നു. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തതിനാല്‍ കുടുംബത്തിന് തുക കൈമാറണമെന്നും കോടതി നിര്‍ദേശം നൽകി. തുക കൃത്യമായി വിതരണം ചെയ്യാന്‍ കേരള ഹൈകോടതി രജിസ്ട്രിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി.
2012ലാണ് എന്‍ട്രിക്ക ലെക്സി എന്ന കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുന്നത്. വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കൊപ്പം ബോട്ടുടമക്കും രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഈ തുകയുടെ ഒരു ഭാഗം തങ്ങള്‍ക്കും അവകാശപ്പെട്ടതാണ് എന്ന് ചൂണ്ടിക്കാട്ടി ബോട്ടിലെ തൊഴിലാളികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇരകള്‍ക്ക് കൈമാറാനായി പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കിയതോടെയാണ് ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊല കേസ് സുപ്രീംകോടതി അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും നല്‍കാനായിരുന്നു നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.