ആധാറില്ലാത്തവർ ജീവനോടെയില്ലെന്നാണോ? കേന്ദ്രത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആധാറില്ലാത്തവരെ ജീവനോടെയില്ലാത്തവരായാണോ കേന്ദ്ര സർക്കാർ കണക്കാക്കുന്നതെന്ന് സുപ്രീംകോടതി. രാത്രിസേങ്കതത്തിൽ പ്രവേശനത്തിന് രേഖയായി ആധാർ ആവശ്യപ്പെട്ട സംഭവത്തിലാണ് ജസ്റ്റിസ് മദൻ ബി. ലോകുർ അധ്യക്ഷനായ ബെഞ്ച് ശക്തമായി പ്രതികരിച്ചത്. വിഷയത്തിൽ വിശദീകരണം നൽകാൻ വിളിച്ചുവരുത്തിയ ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയും അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പക്ഷേ, ഇതിനെ ന്യായീകരിച്ചു. രാത്രിസേങ്കതങ്ങൾ ഉപയോഗപ്പെടുത്തണമെങ്കിൽ ആളെ തെളിയിക്കുന്ന രേഖ വേണമെന്നും രേഖയായി ആധാർ കാർഡ് ചോദിക്കാറുണ്ടെന്നുമായിരുന്നു മറുപടി. എങ്കിൽ ആധാറില്ലാത്തവരെക്കുറിച്ച് എന്തുപറയുന്നുവെന്നായി കോടതി. താൻ യുനീക് െഎഡൻറിറ്റി അതോറിറ്റിക്കു വേണ്ടിയല്ല ഹാജരായതെന്നും ആധാർവിഷയത്തിൽ പ്രതികരിക്കാനാവില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ പ്രതികരിച്ചു.
രാജ്യത്ത് എത്ര പേർ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയെന്ന കോടതിയുടെ ചോദ്യത്തിന് 90 കോടി പേരെന്നാണ് കേന്ദ്രത്തിെൻറ അവകാശവാദമെന്ന് അഡ്വ. പ്രശാന്ത്ഭൂഷൺ പറഞ്ഞു. സ്വന്തമായി വിലാസം പോലുമില്ലാത്തവർ എങ്ങനെ ആധാർ സംഘടിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറിയോട് വീണ്ടും കോടതി ചോദിച്ചു. വീട്ടിൽ നിന്ന് പുറന്തള്ളപ്പെടുന്നവരോടും ആധാർ നിർബന്ധമാക്കുമോ എന്ന ചോദ്യത്തിന് രേഖയാണ് വേണ്ടതെന്നും ആധാർ തന്നെ വേണമെന്നില്ലെന്നും ചീഫ് സെക്രട്ടറി തിരുത്തിയെങ്കിലും കോടതി തൃപ്തമായില്ല. വിഷയത്തിൽ ന്യായമായ മാനദണ്ഡങ്ങൾക്ക് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്ന് നിർദേശിച്ചു.
രാത്രിസേങ്കതങ്ങളുടെ ലഭ്യതക്കുറവ്, അതിനായി നീക്കിവെച്ച ഫണ്ട് ദുരുപയോഗം ചെയ്യൽ എന്നിവ സംബന്ധിച്ച് നൽകിയ പൊതുതാൽപര്യഹരജി പരിഗണിക്കവെയാണ് നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.