രാജ്യദ്രോഹനിയമം: സർക്കാറിന് കൂടുതൽ സമയം നൽകി; മരവിപ്പിച്ച സ്ഥിതി തുടരും
text_fieldsന്യൂഡൽഹി: വിവാദ രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കണമെന്നും അതുവരെ ഇത്തരം കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്നുമുള്ള സുപ്രീംകോടതിയുടെ മരവിപ്പിക്കൽ ഉത്തരവ് തുടരും. ഇതു സംബന്ധിച്ച് അനുയോജ്യമായ നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാറിന് കൂടുതൽ സമയമനുവദിക്കുന്നതായും സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ചിലതു സംഭവിക്കാനിടയുണ്ടെന്നും കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള അറ്റോണി ജനറൽ ആർ. വെങ്കട്ടരമണിയുടെ ആവശ്യം അംഗീകരിച്ചാണ്, ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് സമയം നീട്ടി നൽകിയത്.
ഇക്കഴിഞ്ഞ മേയ് 11നാണ്, കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്നുള്ള കേന്ദ്ര സർക്കാർ വാഗ്ദാനം പൂർത്തിയാകുംവരെ ഈ നിയമം അനുസരിച്ച് എടുത്ത കേസുകളെല്ലാം മരവിപ്പിക്കുമെന്ന് സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ രാജ്യദ്രോഹ നിയമപ്രകാരം രാജ്യത്തെവിടെയും എടുത്ത കേസുകളിലെ അന്വേഷണവും വിചാരണയുമെല്ലാം തൽക്കാലം നിർത്തിവെക്കണമെന്നും കോടതി നിർദേശിക്കുകയുണ്ടായി. ബന്ധപ്പെട്ട അധികാരികൾ വിഷയം പരിഗണിച്ചുവരുകയാണെന്നും അതുകൊണ്ടുതന്നെ, നിയമം താൽക്കാലികമായി മരവിപ്പിച്ച മേയ് 11ലെ സുപ്രീംകോടതി ഉത്തരവിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അറ്റോണി ജനറൽ കോടതിയെ അറിയിച്ചു.
'ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവശ്യ നടപടി എടുത്തുവരുകയാണെന്ന് അറ്റോണി ജനറൽ അറിയിച്ചിരിക്കുന്നു. അതുവരെ കോടതി ഉന്നയിച്ചിരുന്ന ആശങ്കയും താൽപര്യങ്ങളുമെല്ലാം സംരക്ഷിക്കപ്പെടും. ആരോടും മുൻവിധിയുമില്ല. സർക്കാർ അഭ്യർഥന സ്വീകരിച്ച് വിഷയം 2023 ജനുവരി രണ്ടാംവാരത്തിലേക്ക് നീട്ടിവെച്ചിരിക്കുന്നു' -ബെഞ്ച് വിശദീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട മറ്റു ചില ഹരജികളിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചുവെന്നും ഇതിന്റെ മറുപടിക്ക് ആറാഴ്ച സമയം നൽകിയെന്നും ബെഞ്ച് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെപ്പോലും, 1890ലെ ഐ.പി.സി 124എ വകുപ്പുപ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുന്നതിനെതിരെ വ്യാപക പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു, പരാതികളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഉത്തരവുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.