നിയമ ലോകത്തെ ഞെട്ടിച്ച് ഝാർഖണ്ഡ് ജഡ്ജിയുടെ മരണം; സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യം
text_fieldsറാഞ്ചി: പ്രഭാത നടത്തത്തിനിടെ ഝാർഖണ്ഡിലെ ധൻബാദിൽ അഡീഷനൽ ജില്ല ജഡ്ജി ഉത്തം ആനന്ദ് ടെേമ്പാ ഇടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടി നിയമലോകം. സി.സി.ടി.വി ദൃശ്യങ്ങൾ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചുണ്ടിക്കാണിക്കുന്നതായും കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നിരിക്കുകയാണ്. വിഷയം ഇന്ന് സുപ്രീം കോടതിയിലും ചർച്ചയായി. അപകടത്തെ കുറിച്ച് ഝാർഖണ്ഡ് ഹൈകോടതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്വമേധയാ കേസെടുത്തതിനാൽ ഇൗ ഘട്ടത്തിൽ ഇടപെടില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.
ധൻബാദ് ജില്ല കോടതിക്ക് സമീപം രൺധീർ വർമ ചീക്കിൽ വെച്ചാണ് ഉത്തം ആനന്ദ് വാഹനം ഇടിച്ച് മരിച്ചത്. ധൻബാദ് മജിസ്ട്രേറ്റ് കോളനിക്ക് സമീപത്ത് വെച്ചാണ് ഉത്തം ആനന്ദിനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ടെേമ്പാ ഡ്രൈവറെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മോഷണം പോയ വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്‍റെ ദൃശ്യങ്ങൾ സമീപത്ത് നിന്ന് ഒരാൾ വിഡിയോയിൽ പകർത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജാരിയ എം.എൽ.എ സഞ്ജീവ് സിങ്ങിന്‍റെ അനുയായി രഞ്ജയ് സിങിനെ കൊലപ്പെടുത്തിയ കേസ് ആനന്ദായിരുന്നു പരിഗണിച്ചിരുന്നത്. കേസിൽ ഉത്തർപ്രദേശിലെ അമാൻ സിങ്ങിന്‍റെ ഗുണ്ടാ സംഘത്തിലെ രണ്ടുപേർക്ക് അദ്ദേഹം ജാമ്യം നിഷേധിച്ചിരുന്നു. ആനന്ദ് പരിഗണിച്ചിരുന്ന കേസുകളെ പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്.
സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻഹറ് വികാസ് സിങ് വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. 'ഒരു ഗുണ്ടാസംഘത്തിന് ജാമ്യം നിരസിച്ചതിന് ശേഷം ആരെങ്കിലും ഇതുപോലെ കൊല്ലപ്പെടുകയാണെങ്കിൽ, ഇത് നിയമവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അപകടകരമായ അവസ്ഥയാണ്. കേസിൽ സി.ബി.ഐ അന്വേഷണം വേണം' -സിങ് ചീഫ് ജസ്റ്റിസ് മുമ്പാകെ പറഞ്ഞു.
കേസിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് ഝാർഖണ്ഡ് പൊലീസിനോട് ഹൈകോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. ഝാർഖണ്ഡ് ജുഡീഷ്യൽ സർവീസ് അസോസിയേഷൻ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പട്ടു.
മരിച്ചയാളെ പൊലീസ് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞതോടെയാണ് ജഡ്ജ് ആണ് മരിച്ചതെന്നറിഞ്ഞത്. ആറ് മാസം മുമ്പാണ് ഉത്തം ആനന്ദ് ധൻബാദിലെത്തിയത്. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.