സനാതന ധർമ പരാമർശം: ഉദയനിധിക്കെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി
text_fieldsഉദയനിധി
ന്യൂഡൽഹി: സനാതന ധർമ പരാമർശവുമായി ബന്ധപ്പെട്ട് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കോടതിയുടെ അനുമതിയില്ലാതെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിലായി ഉദയനിധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിലെ അനൗചിത്യം ചോദ്യംചെയ്ത് ഉദയനിധി നൽകിയ ഹരജിയിൽ വാദം കേൾക്കവെയാണ് കോടതിയുടെ ഉത്തരവ്.
2023 സെപ്റ്റംബറിറിൽ സനാതന ധർമം ഡെങ്കിയെയും മലേറിയയെയും പോലെയാണെന്നും തുടച്ചുനീക്കണമെന്നുമുള്ള ഉദയനിധിയുടെ പരാമർശമാണ് വിവാദമായത്. രാജ്യവ്യാപകമായി ബി.ജെ.പി ഉൾപ്പെടെയുള്ള കക്ഷികൾ ഇതിൽ എതിർപ്പുമായി വരികയും ഹിന്ദുവികാരം വ്രണപ്പെടുത്തുകയാണ് ഉദയനിധി ചെയ്തതെന്ന് വിമർശിക്കുകയും ചെയ്തു. എന്നാൽ ജാതീയ വിവേചനത്തെയാണ് താൻ വിമർശിച്ചതെന്നും പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഉദയനിധി പ്രതികരിച്ചിരുന്നു.
മുതിർന്ന അഭിഭാഷകനായ എസ്.എം. സിങ്വിയാണ് ഉദയനിധിക്കായി കോടതിയിൽ ഹാജരായത്. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതായി അംഗീകരിക്കാനാകില്ലെന്നും, സമാന രീതിയിൽ മുസ്ലിം വിഭാഗമുൾപ്പെടെ മറ്റ് മതങ്ങളെ അപകീർത്തിപ്പെടുത്തിയ സംഭവങ്ങളിൽ നേതാക്കൾക്കെതിരെ കേസില്ലെന്നും അഭിഭാഷകൻ പറഞ്ഞു. നുപൂർ ശർമയുടെ വിദ്വേഷ പരാമർശമുൾപ്പെടെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. മഹാരാഷ്ട്രയിലും ബിഹാറിലും ഉൾപ്പെടെ ഉദയനിധിക്കെതിരെ കേസുണ്ട്. കേസിൽ തൽക്കാലം തുടർനടപടികൾ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി, തുടർവാദം ഏപ്രിൽ 28ലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.