‘ഉദയനിധിയുടെ പരാമർശങ്ങൾ താരതമ്യേന ചെറിയ കുറ്റം’; പുതിയ പരാതികൾ സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയോട് അഭിഷേക് മനു സിങ് വി
text_fieldsന്യൂഡൽഹി: സനാതന ധർമ വിവാദവുമായി ബന്ധപ്പെട്ട് ഡി.എം.കെയുടെ യുവ നേതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ പുതിയ കേസുകൾ നൽകുന്നത് വിലക്കി സുപ്രീംകോടതി. വിവാദ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്.ഐ.ആറുകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി.
കേസ് പരിഗണിക്കവെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന് പുറമെ ബിഹാറിൽ പുതിയ പരാതി നൽകിയിട്ടുണ്ടെന്ന് ഉദയനിധിയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ് വി കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് പുതിയ പരാതികൾ സ്വീകരിക്കുന്നത് തുടരാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
നുപൂർ ശർമയുടേത് ഉൾപ്പെടെ സമാന കേസുകളിലെ സുപ്രീംകോടതിയുടെ മുൻ വിധികൾ ചൂണ്ടിക്കാട്ടിയ സിങ് വി, ഉദയനിധിയുടെ പരാമർശങ്ങൾ താരതമ്യേന ചെറിയ കുറ്റമാണെന്ന് വാദിച്ചു. എന്നാൽ, സിങ് വിയുടെ വാദത്തെ എതിർത്ത മഹാരാഷ്ട്ര സർക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സനാതന ധർമ ഉന്മൂലന സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണെന്ന് ചൂണ്ടിക്കാട്ടി.
ഉദയനിധിയുടെ അപേക്ഷയിൽ നോട്ടീസ് അയച്ച ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് ഉദയനിക്ക് നൽകിയ ഇടക്കാല സംരക്ഷണം നീട്ടുകയും ചെയ്തു. കൂടാതെ, ബിഹാർ ഉൾപ്പെടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളെ കേസിൽ കക്ഷി ചേർക്കാൻ കോടതി അനുവാദം നൽകി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളുടെ മറുപടി സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഏപ്രിൽ 28ന് കേസ് വാദം കേൾക്കാനും തീരുമാനിച്ചിട്ടുണ്ട്.
2023 സെപ്റ്റംബറിലാണ് സനാതന ധർമം സാമൂഹ്യ നീതിക്കും സമത്വത്തിനും എതിരാണെന്നും മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കണമെന്നും പൊതുപരിപാടിക്കിടെ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻറെ പരാമർശം.
സംഭവവുമായി ബന്ധപ്പെട്ട് ഉദയനിധിക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ഉദയനിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.