ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പുവരുത്തണം - സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായുള്ള നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി. ലൈംഗിക പീഡന കേസുകളിലും പോക്‌സോ കേസുകളിലും വിധി പ്രസ്താവിക്കുന്ന രാജ്യത്തെ എല്ലാ സെഷൻസ് കോടതികളും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, പങ്കജ് മിത്തൽ എന്നിവരാണ് നിർദേശം നൽകിയത്.
കേസുകൾ മെറിറ്റ് പരിശോധിച്ചശേഷം ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പെടുവിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. മഹാരാഷ്ട്രയിലെ ഒരു പോക്‌സോ കേസിൽ അമിക്കസ് ക്യുറി സഞ്ജയ് ഹെഡ്ഡെയും അഭിഭാഷകൻ മുകുന്ദ് പി ഉണ്ണിയും കൈമാറിയ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ വിധി പ്രസ്താവം.
പോക്‌സോ, ലൈംഗിക പീഡന കേസുകളിലെ ഇരകൾക്ക് ക്രിമിനൽ നടപടി ചട്ടത്തിലെ 357 എ, ഭാരതീയ നാഗരിക് സുരക്ഷ സംഹിതയിലെ 396 വകുപ്പുകൾ പ്രകാരം നഷ്ടപരിഹാരം നൽകണം. എന്നാൽ പലപ്പോഴും സെഷൻസ് കോടതികൾ ഈ നഷ്ടപരിഹാരം വിധിക്കാറില്ലെന്നും അമിക്കസ് ക്യുറി വ്യക്തമാക്കി. ക്രിമിനൽ നടപടി ചട്ടത്തിലെ 357 എ പ്രകാരം നഷ്ടപരിഹാരം, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 357 ബി പ്രകാരം ഈടാക്കുന്ന പിഴയ്ക്ക് പുറമെ ആണെന്നും അമിക്കസ് ക്യുറി ചൂണ്ടിക്കാട്ടി. തുടർന്നാണ് ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും, പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.