പ്രവാചക നിന്ദ: നവിക കുമാറിനെതിരായ എഫ്.ഐ.ആറുകൾ ഡൽഹി പൊലീസിന് കീഴിലാക്കി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ നടത്തിയ പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക നവിക കുമാറിനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്.ഐ.ആറുകളും ഒന്നാക്കി ഡൽഹി പൊലീസിന് കീഴിലാക്കാൻ സുപ്രീം കോടതി ഉത്തരവ്.
ജസ്റ്റിസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് എഫ്.ഐ.ആറുകൾ ഡൽഹി പൊലീസിന് കൈമാറാൻ ഉത്തരവിട്ടത്. ഡൽഹി പൊലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐ.എഫ്.എസ്.ഒ) ആകും ഇനി കേസ് അന്വേഷിക്കുക.
നവികക്കെതിരെ എട്ട് ആഴ്ചത്തേക്ക് മറ്റു നടപടികൾ ഒന്നും സ്വീകരിക്കരുതെന്നും ഈ കാലയളവിൽ അവർക്ക് എഫ്.ഐ.ആറുകൾ റദ്ദാക്കാൻ ഡൽഹി ഹൈകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
ആഗസ്ത് എട്ടിന് സുപ്രീംകോടതി നവികക്ക് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം അനുവദിക്കുകയും തുടർനടപടികൾ ഉണ്ടാകരുതെന്ന് വിവിധ സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും നിർദേശിക്കുകയും ചെയ്തിരുന്നു.
മേയ് 27ന് 'ടൈംസ് നൗ' ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശം. നവിക കുമാറായിരുന്നു അന്ന് ചർച്ച നിയന്ത്രിച്ചിരുന്നത്. പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം.
അറബ് ലോകത്തുനിന്നടക്കം വൻ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി വിവാദ പരാമർശത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡൽഹി ഘടകം മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡാലിനെയും പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുർ രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.