പോക്സോ കേസുകളിൽ വിവാദ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് കൊളിജിയം
text_fieldsന്യൂഡൽഹി: പോക്സോ കേസിൽ ഇരക്കെതിരെ വിവാദ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പക്കെതിരെ കൊളിജിയം ശിപാർശ. ബോംബെ ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി സേവനമുനുഷ്ഠിക്കുന്ന ജസ്റ്റിസ് പുഷ്പ ഗനേഡിവാലക്ക് സ്ഥിരം നിയമനം നൽകണമെന്ന മുൻശിപാർശ വിവാദ വിധികളുടെ പേരിൽ കൊളിജിയം പിൻവലിച്ചു.
ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്ഡെ അധ്യക്ഷനായ കൊളിജിയം ജനുവരി 20നാണ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കണമെന്ന ശിപാർശ കേന്ദ്രസർക്കാറിന് കൈമാറിയത്. ജസ്റ്റിസ് എൻ.വി രമണ, റോഹിങ്ടൺ നരിമാൻ എന്നിവരാണ് കൊളിജിയത്തിലെ മറ്റ് അംഗങ്ങൾ.
മഹാരാഷ്ട്രയിൽ നിന്നുള്ള സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖൻവിൽക്കർ എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് കൊളിജിയം കേന്ദ്രസർക്കാറിന് സമർപ്പിച്ച ശിപാർശ പിൻവലിച്ചത്.
ഒരാഴ്ചക്കിടെ വെവ്വേറെ കേസുകളിൽ പോക്സോ കേസ് പ്രതികളെ വെറുതെവിട്ടുകൊണ്ട് മൂന്ന് വിധിപ്രസ്താവങ്ങളാണ് ജസ്റ്റിസ് പുഷ്പ നടത്തിയത്. ഇതിൽ വസ്ത്രമഴിക്കാതെ ഇരയുടെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ കേസിന്‍റെ പരിധിയിൽ പെടില്ലെന്ന വിധി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പിന്നീട് ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതോ പാന്‍റ്സിന്‍റെ സിപ് അഴിപ്പിക്കുന്നതോ പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമം അല്ലെന്ന് ഇവർ വിധിച്ചിരുന്നു. ജനുവരി, 14, 15, 19 എന്നീ ദിവസങ്ങളിലാണ് ഈ വിധിപ്രസ്താവങ്ങൾ പുറത്തുവന്നത്. അതിനുശേഷവും ഇവരുടെ കോടതിയിൽനിന്നും ഇരകളെ അപഹസിക്കുന്ന വിധികൾ പുറത്തുവന്നിരുന്നു. മറ്റൊരു കേസിൽ ഇരയുടെ വായ പൊത്തിപ്പിടിച്ച് വസ്ത്രമഴിച്ച് ബലാത്സംഗം ചെയ്യുക അസാധ്യമാണെന്ന് കണ്ടെത്തി പോക്സോ കേസിൽ പ്രതിയെ ഇവർ വെറുതെ വിട്ടിരുന്നു.
ജില്ലാ ജഡ്ജിയായി 2007ലാണ് ജുഡിഷ്യൽ കരിയർ ആരംഭിച്ച പുഷ്പ 2019 ഫെബ്രുവരി 8നാണ് ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിതയായത്. പിന്നീട് നിരവധി കോടതികളിൽ ഇവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.