വിവാദ വിധി: ജസ്റ്റിസ് പുഷ്പയെ സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം
text_fieldsന്യൂഡൽഹി: പോക്സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച ഹൈകോടതി ജഡ്ജിയെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം സുപ്രീംകോടതി കൊളീജിയം പിൻവലിച്ചു. ബോംബേ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലക്കാണ് ലൈംഗിക പീഡന കേസുകളിലെ അന്യായ വിധികൾ വിനയായത്.
12 വയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസിൽ മാറിടത്തിൽ നേരിട്ട് സ്പർശിച്ചില്ലെന്ന കാരണം പറഞ്ഞ് പ്രതിയെ വെറുതെ വിട്ട ജഡ്ജി അഞ്ചു വയസ്സുകാരിക്ക് മുന്നിൽ പാൻറിെൻറ സിപ് അഴിക്കുന്നതും കൈകളിൽ പിടിക്കുന്നതും പീഡനശ്രമമല്ലെന്നും വിധിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി നേരിട്ടിടപെട്ടാണ് കുറ്റമുക്തനാക്കിയ വിധി സ്റ്റേ ചെയ്തത്. ബാലികമാരെ ബലാത്സംഗം ചെയ്ത കേസിലെ രണ്ടു പ്രതികൾക്കും ഇവരുടെ വിധിമൂലം മോചനം ലഭിച്ചിരുന്നു. ഇരയുടെ വായ പൊത്തിപ്പിടിച്ച് വസ്ത്രമഴിച്ച് ബലാത്സംഗം ചെയ്യുക അസാധ്യമാണെന്ന് ഒരു പോക്സോ കേസിൽ കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്.
ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കാൻ ജനുവരി 20ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ, ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ.എഫ്. നരിമാൻ എന്നിവരടങ്ങുന്ന കൊളീജിയം തീരുമാനിച്ചിരുന്നു. എന്നാൽ, വിവാദ വിധികൾ വ്യാപക ചർച്ചയായ സാഹചര്യത്തിലാണ് അതു വേണ്ടെന്നുവെക്കുന്നത്. മഹാരാഷ്ട്രയിൽനിന്നുള്ള മുതിർന്ന സുപ്രീംകോടതി ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എം. ഖൻവിൽക്കർ എന്നിവരും എതിർപ്പറിയിച്ചിരുന്നു.
മഹാരാഷ്ട്ര അമരാവതി മേഖലയിലെ പറാട്വാഡക്കാരിയായ ജസ്റ്റിസ് പുഷ്പ വിവിധ ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും അഭിഭാഷകയായിരുന്നു. 2007ൽ ജില്ല ജഡ്ജിയായി നേരിട്ട് നിയമനം ലഭിച്ച ഇവർക്ക് 2019ലാണ് ബോംബേ ഹൈകോടതി അഡീഷനൽ ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.