ഒഴിപ്പിക്കപ്പെട്ട മനുഷ്യരുടെ അവസ്ഥയെന്താണ്? മണിപ്പൂർ കലാപത്തിൽ ആശങ്കയുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മണിപ്പൂരിലെ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. മണിപ്പൂർ കലാപം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മണിപ്പൂരിലെ കലാപത്തിൽ ജീവനും സ്വത്തും നഷ്ടപ്പെടുന്നതിൽ സുപ്രീംകോടതിക്ക് അതിയായ ആശങ്കയുണ്ട്. സംരക്ഷണം, അഭയം, പുനരധിവാസം എന്നിവയാണ് സുപ്രീംകോടതിയുടെ പ്രഥമ പരിഗണനയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
പുനരധിവാസ കേന്ദ്രങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകണമെന്നും സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഒഴിപ്പിക്കപ്പെട്ട ആളുകളെ എത്രയും പെട്ടെന്ന് അവരവരുടെ വീടുകളിൽ തിരിച്ചെത്തിക്കണമെന്നും ആരാധനാകേന്ദ്രങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇതൊരു മാനുഷിപ്രശ്നമാണ്. സർക്കാർ ഉടൻ നടപടിയേ എടുത്തേ തീരൂവെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനിടെ, കലാപത്തെ തുടർന്ന് പ്രഖ്യാപിച്ച കർഫ്യൂവിൽ ഇളവ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സുപ്രീംകോടതിയെ അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാരുകളുടെ പ്രതിനിധി വ്യക്തമാക്കി. ഒരാഴ്ചക്കു ശേഷം മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദേശിച്ചു.
സംസ്ഥാനത്ത് പ്രബലമായ മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകണമെന്നും പറ്റില്ലെന്നുമുള്ള ഏറ്റുമുട്ടലാണ് മണിപ്പൂരിനെ കലാപ ഭൂമിയാക്കി മാറ്റിയത്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്നത് തങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കുമെന്ന് നാഗ, കുകി ഗോത്രവിഭാഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
മെയ്തേയി വിഭാഗക്കാർക്ക് പട്ടികവർഗ പദവി നൽകുന്നതിനെതിരെ ഗോത്രവിഭാഗങ്ങൾ നടത്തിയ മാർച്ചും, അതിന് നേരെയുണ്ടായ ആക്രമണവുമാണ് പിന്നീട് വ്യാപക അക്രമങ്ങളിലേക്കും കലാപത്തിലേക്കും വ്യാപിച്ചത്. അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ സൈന്യത്തിന് നിർദേശം നൽകേണ്ട സാഹചര്യത്തിലേക്ക് വരെ അക്രമം വളർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.