ധാതുസമ്പത്തിൽ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താം
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിന് തിരിച്ചടിയായ വിധിയിൽ, ധാതുസമ്പത്തിനുമേൽ സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താമെന്ന് സുപ്രീംകോടതി വിധിച്ചു. ധാതുക്കളുടെയും ധാതുസമ്പുഷ്ട ഭൂമിയുടെയുംമേൽ ഈടാക്കുന്ന റോയൽറ്റി നികുതിയായി കണക്കാക്കാനാവില്ലെന്നും ഒമ്പതംഗ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. നികുതി ചുമത്താനുള്ള അധികാരം തങ്ങൾക്ക് മാത്രമാണെന്ന കേന്ദ്രസർക്കാറിന്റെ വാദം തള്ളിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിലെ എട്ടുപേരും സംസ്ഥാനങ്ങൾക്കനുകൂലമായി ഭൂരിപക്ഷ വിധി എഴുതിയത്. ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിപ്പ് പ്രകടിപ്പിച്ചു.
ധാതു സമ്പുഷ്ട സംസ്ഥാനങ്ങളായ ഝാർഖണ്ഡ്, ഒഡിഷ, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ് തുടങ്ങിയവക്ക് കൂടുതൽ വരുമാനത്തിന് വഴിയൊരുക്കുന്നതാണ് വിധി. കേന്ദ്രം ഈടാക്കിയ കോടിക്കണക്കിന് രൂപയുടെ നികുതി തിരികെ ലഭിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ വിധി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇത് എതിർത്തു. തുടർന്ന് ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാൻ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ട കോടതി ജൂലൈ 31ന് തീരുമാനമെടുക്കുമെന്നും പറഞ്ഞു.
ഖനന, ധാതു നിയന്ത്രണ നിയമം (എം.എം.ഡി.ആർ.എ) പ്രകാരം റോയൽറ്റി നികുതിയാണോ, ഖനനത്തിനുമേൽ നികുതി ചുമത്താൻ കേന്ദ്രത്തിന് മാത്രമാണോ അവകാശം, തങ്ങളുടെ അധികാര പരിധിയിലെ ഭൂമിയിലുള്ള ഖനനത്തിന് നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടോ എന്നീ കാര്യങ്ങളാണ് സുപ്രീംകോടതി പരിശോധിച്ചത്. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, അഭയ് എസ്. ഓക്ക, ജെ.ബി. പർദിവാല, മനോജ് മിശ്ര, ഉജ്ജൽ ഭൂയാൻ, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരായിരുന്ന ബെഞ്ചിലെ മറ്റ് ജഡ്ജിമാർ.
ഭരണഘടനയിലെ സംസ്ഥാന പട്ടികയിൽ 50ാമത് വരുന്ന ഖനനാവകാശത്തിനുമേൽ നികുതി ചുമത്താൻ പാർലമെന്റിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇന്ത്യ സിമന്റുമായി ബന്ധപ്പെട്ട കേസിൽ റോയൽറ്റി നികുതിയാണെന്ന 1989ലെ ഏഴംഗ ഭരണഘടന ബെഞ്ചിന്റെ വിധി തെറ്റാണെന്നും അതിനാൽ, അസാധുവാക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബൗദ്ധിക സ്വത്തിന്റെയോ വസ്തുവിന്റെയോ ഉടമക്ക് അത് ഉപയോഗിക്കുന്ന വ്യക്തി നൽകുന്ന കരാർ തുകയാണ് റോയൽറ്റി. ഇത് നികുതിയുടെ പരിധിയിൽ വരുന്നില്ല. ഖനന പാട്ടത്തിൽനിന്നാണ് റോയൽറ്റി ലഭിക്കുന്നത്.
ഖനനം ചെയ്തെടുക്കുന്ന ധാതുക്കളുടെ അളവിനെ അടിസ്ഥാനമാക്കിയാണ് സാധാരണ റോയൽറ്റി കണക്കാക്കുന്നത്. റോയൽറ്റി നൽകാനുള്ള ബാധ്യത പാട്ടക്കാരനും ഉടമയും തമ്മിലുള്ള ഉടമ്പടിയിലൂടെയാണ് ഉണ്ടാകുന്നത്. ധാതു വിഭവങ്ങളുടെ ഉപയോഗത്തിനുള്ള നഷ്ടപരിഹാരമാണ് ഇത്. എന്നാൽ, നികുതി പൊതു ആവശ്യങ്ങൾക്കായി സർക്കാർ ചുമത്തുന്നതാണ്. അതേസമയം, ധാതുക്കൾക്കും ധാതുസമ്പന്ന ഭൂമിക്കുംമേൽ നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ഭിന്നവിധിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഇതിനുള്ള അധികാരം നൽകുന്നത് അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും നാഗരത്ന ചൂണ്ടിക്കാട്ടി.
വിഷയത്തിൽ രണ്ട് ഭരണഘടന ബെഞ്ചുകൾ നേരത്തേ വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് 2011ൽ ഇതുസംബന്ധിച്ച 86 കേസുകൾ ഒമ്പതംഗ ഭരണഘടന ബെഞ്ചിന് വിട്ടത്. വിവിധ സംസ്ഥാന സർക്കാറുകളും ഖനന കമ്പനികളും പൊതുമേഖല സ്ഥാപനങ്ങളുമായിരുന്നു കേസിലെ കക്ഷികൾ. ഫെബ്രുവരി 27ന് ആരംഭിച്ച വാദം കേൾക്കൽ എട്ട് ദിവസം നീണ്ടു. തുടർന്ന് മാർച്ച് 14ന് കേസ് വിധി പറയാൻ മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.