മുസ്ലിം വിദ്യാർഥിയെ മുഖത്തടിപ്പിച്ച കേസ്; യു.പി സർക്കാറിനെതിരെ വീണ്ടും സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുസഫർ നഗറിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സുപ്രീംകോടതി ഇടപെടലിന് ശേഷവും അടിയേറ്റ മുസ്ലിം കുട്ടിയോട് നീതിപുലർത്താൻ യു.പി സർക്കാർ തയാറാകാത്തത് അഡ്വ. ശദാൻ ഫറാസത്ത് ബോധിപ്പിച്ചപ്പോഴാണ് ജസ്റ്റിസുമാരായ അജയ് എസ്. ഓക, ഉജ്ജ്വൽ ഭുയ്യാൻ എന്നിവരടങ്ങുന്ന ബെഞ്ച് വിമർശിച്ചത്.
ഈ കേസിൽ പല തവണ വിമർശനം നേരിട്ടിട്ടും തിരുത്തൽ നടപടിയില്ലാതെ യു.പി സർക്കാർ മുന്നോട്ടുപോകുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ പഠനം തുടരാൻ രക്ഷിതാക്കൾ നിർദേശിച്ച സ്കൂളിൽ ചേർക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ച യു.പി സർക്കാർ, വിദ്യാഭ്യാസ അവകാശ നിയമം ചൂണ്ടിക്കാട്ടി അതിനെ ന്യായീകരിക്കുകയായിരുന്നു.
കുട്ടിയെ അടുത്തുള്ള സർക്കാർ സ്കൂളിൽ ചേർത്തിയാൽ മതിയെന്ന് യു.പി സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഗരിമ പ്രഷാദ് വാദിച്ചപ്പോൾ അത്തരമൊരു സ്കൂളിൽനിന്നാണ് കുട്ടിക്ക് അടിയേറ്റതെന്നും അതുകൊണ്ടാണ് മികച്ച വിദ്യാഭ്യാസത്തിനുതകുന്ന സ്കൂളിലേക്ക് കുട്ടിയെ രക്ഷിതാക്കൾ അയക്കുന്നതെന്നും ഫറാസത്ത് ബോധിപ്പിച്ചു. അപ്പോഴാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലുള്ള കുട്ടികളെ ഒരു കിലോമീറ്ററിനകത്തുള്ള സ്കൂളിൽ പഠിപ്പിക്കണമെന്നാണ് നിയമമെന്നും അതിന് വിരുദ്ധമാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആവശ്യമെന്നുമുള്ള വാദം ഗരിമ ഉയർത്തിയത്.
കുറ്റകൃത്യം നടന്ന ശേഷം പ്രതീക്ഷിച്ച നടപടി യു.പി ഭരണകൂടത്തിൽനിന്നുണ്ടാകാത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് ജസ്റ്റിസ് ഓക യു.പി സർക്കാർ അഭിഭാഷകയെ ഓർമിപ്പിച്ചു. ഈ സംഭവം നടന്നത് എങ്ങനെയാണെന്ന് സർക്കാർ ചിന്തിക്കേണ്ടതായിരുന്നു. കുട്ടിയുടെ കാര്യത്തിൽ മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് സമർപ്പിച്ച ശിപാർശയിൽ യു.പി സർക്കാർ സ്വീകരിച്ച തുടർ നടപടികളും പരിശോധിക്കുമെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. കേസിൽ അടുത്ത ഫെബ്രുവരി ആറിന് വീണ്ടും വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.