ശിവസേന തർക്കം: ഉദ്ദവ് പക്ഷത്തിന് തിരിച്ചടി; തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഏക്നാഥ് ഷിൻഡെ വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അതിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സമർപ്പിച്ച ഹരജിയിൽ എതിർ വിഭാഗത്തിന് നോട്ടീസ് അയച്ചു.
ഇരുവിഭാഗത്തെയും കേട്ട ശേഷം തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ഓഫിസുകളും ഷിൻഡെ വിഭാഗം പിടിച്ചെടുക്കുന്നത് തടയണമെന്ന ആവശ്യവും കോടതി അിംഗീകരിച്ചില്ല.
കമീഷൻ ഉത്തരവിൽ ഈ മാസം 26 വരെ അനുവദിച്ച ശിവസേന(ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരും തീപ്പന്തം ചിഹ്നവും ഉപയോഗിക്കാനുള്ള അനുവാദം സുപ്രീംകോടതി ഹരജി തീർപ്പാക്കുന്നതുവരെ നീട്ടി നൽകി.അതേസമയം, സുപ്രീംകോടതി അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ ഉദ്ധവ് വിഭാഗത്തിനെതിരെ അയോഗ്യത നടപടികൾ സ്വീകരിക്കില്ലെന്ന് ഷിൻഡെ വിഭാഗം അഭിഭാഷകർ നേരത്തെ കോടതിക്ക് നൽകിയ ഉറപ്പ് ബുധനാഴ്ചയും ആവർത്തിച്ചു. ബെഞ്ച് ഇക്കാര്യം രേഖപ്പെടുത്തി. ഹരജി ശിവസേന എം.എൽ.എമാരുടെ അയോഗ്യത വിഷയം പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചിരുന്നില്ല. അതിന് പകരം ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജെ.ബി. പർദീവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ബുധനാഴ്ച കേസ് പരിഗണിച്ചത്. ബാങ്ക് അക്കൗണ്ടും ഓഫിസുകളും ഷിൻഡെ വിഭാഗം പിടിച്ചെടുത്തേക്കുമെന്നും ഇത് ക്രമസമാധാന പ്രശ്നമായേക്കുമെന്നും ഉദ്ധവ് വിഭാഗം അഭിഭാഷകൻ കപിൽ സിബൽ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പേരും ചിഹ്നവും മാത്രമാണുള്ളതെന്നും കമീഷൻ ഉത്തരവിലുള്ള കാര്യങ്ങളിൽ മാത്രമേ ഇപ്പോൾ കോടതി ഇടപെടുന്നുള്ളൂവെന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
തുടർന്ന് കമീഷൻ ഈ മാസം 26ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുവരെ ഉദ്ധവ് വിഭാഗത്തിന് അനുവദിച്ച ശിവസേന(ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരും തീപ്പന്തം ചിഹ്നവും കമീഷനെതിരായ തങ്ങളുടെ കേസിൽ വിധി വരുന്നതുവരെ ഉപയോഗിക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം നിശ്ചലാവസ്ഥയിലാകുമെന്നും ഉദ്ധവ് വിഭാഗത്തിന്റെ മറ്റൊരു അഭിഭാഷകൻ ദേവദത്ത് കാമത്ത് ബോധിപ്പിച്ചു. ഇത് ബെഞ്ച് അനുവദിച്ചു.
എന്നാൽ, കമീഷനെതിരായ ഹരജി നിലനിൽക്കുന്നതല്ലെന്നും വാദത്തിനെടുക്കാതെ തള്ളണമെന്നുമായിരുന്നു ഷിൻഡെ വിഭാഗത്തിന്റെ വാദം. തെരഞ്ഞെടുപ്പിൽ ജനം വോട്ടുചെയ്ത് ജയിപ്പിച്ച എം.എൽ.എമാരും എം.പിമാരും ബഹുഭൂരിഭാഗവും തങ്ങളോടൊപ്പമാണെന്നും അതുകൊണ്ടാണ് ഔദ്യോഗിക ശിവസേനയായി തങ്ങളെ അംഗീകരിച്ചതെന്നും അവർ വാദിച്ചു.
ശിവസേനയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിനാണ് കൂടുതൽ പിന്തുണയെന്നും പാർട്ടിയുടെ പരമാധികാര സഭയായ പ്രതിനിധിസഭയിൽ ഭൂരിപക്ഷവും ഈ വിഭാഗത്തിനാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതപരമായി പ്രവർത്തിച്ചുവെന്നും ഉദ്ധവ് വിഭാഗത്തിന്റെ ഹരജിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.