Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ടുനിരോധനം:...

നോട്ടുനിരോധനം: വരിനിന്ന് തളർന്നതിന്റെ ഓർമയിൽ രാജ്യം; നടപടി ശരിവെച്ചത് ആറുവർഷത്തിന് ശേഷം

text_fields
bookmark_border
നോട്ടുനിരോധനം: വരിനിന്ന് തളർന്നതിന്റെ ഓർമയിൽ രാജ്യം; നടപടി ശരിവെച്ചത് ആറുവർഷത്തിന് ശേഷം
cancel

ന്യൂഡൽഹി: വീണ്ടും ഒരു നോട്ടുനിരോധനം രാജ്യത്ത് നടപ്പാക്കു​മ്പോൾ 2016ലെ നോട്ടുനിരോധനം വരുത്തിവെച്ച പ്രയാസങ്ങളുടെ ഓർമയിലാണ് പൗരന്മാർ. നിരോധിച്ച 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് മുന്നിൽ മണിക്കൂറുകൾ നീണ്ട ക്യൂവാണ് രൂപപ്പെട്ടത്. നിരവധിപേർ വരിനിന്ന് കുഴഞ്ഞുവീണ് മരിച്ചതിനും ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇതിന്റെ ആഘാതത്തിൽനിന്ന് സമ്പദ്‍വ്യവസ്ഥ പതി​യെ കരകയറുമ്പോഴാണ് വീണ്ടും ഒരു നോട്ടുനിരോധനത്തിന് കൂടി അരങ്ങൊരുങ്ങുന്നത്. എന്നാൽ, കഴിഞ്ഞ തവണത്തേത് പോലെ ഒറ്റയടിക്ക് ഇത്തവണ നിരോധിച്ചില്ല എന്നതാണ് ഏക ആശ്വാസം.


2016ലെ നോട്ടുനിരോധനത്തിലൂടെ ഏതാണ്ട് 15 ലക്ഷം കോടി രൂപയുടെ ദേശീയ വരുമാനനഷ്ടമാണ് മോദി രാജ്യത്തിനു വരുത്തിവെച്ചത് എന്നായിരുന്നു അന്നത്തെ കേരള ധനമന്ത്രി ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടിയത്. ‘നോട്ട് നിരോധിച്ചി​ല്ലെങ്കിൽ തൊട്ടുമുൻപുള്ള വർഷങ്ങളിലെ സാമ്പത്തിക വളർച്ചയുടെ വേഗത (8 ശതമാനം) നിലനിർത്തിയാൽ 2019-20ൽ ഇന്ത്യയുടെ ദേശീയ വരുമാനം 151.12 ലക്ഷം കോടി രൂപ ആയിരുന്നേനെ. എന്നാൽ ഔദ്യോഗിക കണക്ക് പ്രകാരം ആ വർഷത്തെ ദേശീയ വരുമാനം 145.16 ലക്ഷം കോടി രൂപ മാത്രമായിരുന്നു. സ്ഥിരവിലയിൽപ്പോലും മോദി രാജ്യത്തിനു നഷ്ടപ്പെടുത്തിയത് 2019-20ൽ 6 ലക്ഷം കോടി രൂപയാണ്. ഇങ്ങനെ നോട്ടു നിരോധനത്തിനുശേഷം ഓരോ വർഷവുമുണ്ടായ ഉൽപാദന നഷ്ടം കണക്കാക്കിയാൽ മോദി രാജ്യത്തിനു വരുത്തിവച്ച നഷ്ടം 10 ലക്ഷം കോടി രൂപ വരും. 2011-12-ലെ സ്ഥിരവിലയിലാണ് മേൽപ്പറഞ്ഞ കണക്ക്. അതതു വർഷത്തെ വിലയുടെ അടിസ്ഥാനത്തിൽ കണക്ക് കൂട്ടുകയാണെങ്കിൽ മോദിയുടെ മണ്ടത്തരം വഴി ഉണ്ടായ ദേശീയനഷ്ടം 15 ലക്ഷം കോടി രൂപയെങ്കിലും വരും’ -തോമസ് ഐസക് ചൂണ്ടിക്കാട്ടി.

500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ച കേന്ദ്ര സർക്കാർ നടപടി, 6 വർഷത്തിന് ശേഷം 2023 ജനുവരിയിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ ശരിവച്ചത്. അഞ്ചംഗ ബെഞ്ചിൽ നാലു​പേർ അനുകൂലിച്ചപ്പോൾ ഏക വനിത അംഗമായ ജസ്റ്റിസ് ബി.വി.നാഗരത്ന ഭൂരിപക്ഷാഭിപ്രായത്തോടു വിയോജിച്ചു പ്രത്യേക വിധിന്യായമെഴുതി. നടപടി നിയമവിരുദ്ധമാണെന്നായിരുന്നു നാഗരത്നയുടെ വിധി.


2016 നവംബർ 8നു നോട്ടുനിരോധന പ്രഖ്യാപനം വന്നതിനു പിന്നാലെ വിവിധ കോടതികളിലെത്തിയ ഹർജികൾ ഒന്നിച്ചു പരിഗണിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെ‍ഞ്ച്, ഇതിലെ ഭരണഘടന പ്രശ്നങ്ങൾ അഞ്ചംഗ ബെഞ്ചിനു വിടുകയായിരുന്നു. നടപടിക്രമം പാലിച്ചില്ലെന്നു പറയാനാകില്ലെന്നും സാമ്പത്തിക നയകാര്യങ്ങളിൽ ഇടപെടാൻ കോടതിക്കു പരിമിതിയുണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് ബി.ആർ. ഗവായ് ഭൂരിപക്ഷ വിധിയെഴുതിയത്. ബെഞ്ചിലെ മറ്റു 3 പേർ കൂടി ഇതിനോടു യോജിച്ചു.

ജഡ്ജിമാരായ എസ്.അബ്ദുൽ നസീർ, ബി.ആർ.ഗവായ്, എ.എസ്.ബൊപ്പണ്ണ, വി. രാമസുബ്രമണ്യൻ എന്നിവരാണ് ഭൂരിപക്ഷ വിധിയിൽ ഒരുമിച്ചത്. നോട്ടുനിരോധനത്തിന് നിയമ സാധുതയുണ്ടെന്നും നിയമ– ഭരണഘടനപരമായ പിഴവുകൾ തീരുമാനത്തിൽ ഇ​ല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. കള്ളപ്പണ ഇടപാട് ഇല്ലാതാക്കുക, തീവ്രവാദ ഫണ്ടിങ് അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമ​ല്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. കുറച്ചാളുകൾ ബുദ്ധിമുട്ടിയെന്നതു കൊണ്ട് നോട്ടുനിരോധനം അസാധുവാണെന്നു പറയാനാകില്ല എന്നായിരുന്നു ഭൂരിപക്ഷ ജഡ്ജിമാരുടെ അഭിപ്രായം.


എന്നാൽ, ആർബിഐയോട് ശുപാർശ , കേന്ദ്രം ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന പ്രത്യേക വിധിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരം എന്ന പരാമർശം തന്നെ ആർബിഐ സമർപ്പിച്ച രേഖകളിലുണ്ട്. സ്വതന്ത്രമായ ആലോചന അവരിൽ നിന്നുണ്ടായില്ല, കേന്ദ്ര തീരുമാനത്തെ അവർ അംഗീകരിക്കുക മാത്രമായിരുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

ഏതെങ്കിലുമൊരു സീരീസിലെ നോട്ടു നിരോധിക്കുന്നതിനെക്കാൾ ഗൗരവമേറിയ വിഷയമാണ് 500, 1000 രൂപ നോട്ടുകൾ പൂർണമായി നിരോധിക്കുന്നത്. ഇതു കേവലമൊരു വിജ്ഞാപനമിറക്കി ചെയ്യാവുന്ന കാര്യമല്ല. പാർലമെന്റിൽ വിഷയം ചർച്ച ചെയ്തു നിയമനിർമാണം നടത്തണമായിരുന്നു -നാഗരത്ന ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Demonetisationnote banSupreme Court
News Summary - Supreme Court Demonetisation Case Verdict
Next Story