കുടിയേറ്റ കുടുംബങ്ങളിലെ കുട്ടികളുടെ ജീവിതസാഹചര്യം അറിയിക്കാൻ സുപ്രീംകോടതി നിർദേശം
text_fieldsന്യൂഡൽഹി: കുടിയേറ്റ കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണമെത്രയെന്നും കോവിഡ് സാഹചര്യത്തിൽ അവരുടെ അവസ്ഥ എന്താണെന്നും അറിയിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറുകളോട് നിർദേശിച്ചു. കോവിഡ് മഹാമാരി ദുരിതം വിതക്കുന്ന സമയത്ത് കുടിയേറ്റക്കാരായ കുട്ടികളുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശവും ഉറപ്പാക്കാനുള്ള നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജി സ്വീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്.
ഇക്കാര്യത്തിൽ മറുപടി നൽകുന്നതിന് കേസിൽ കക്ഷികളാകാൻ എല്ലാ സംസ്ഥാനങ്ങളോടും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഹരജിയിൽ കഴിഞ്ഞ മാർച്ച് എട്ടിന് എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ കാരണം ദുരിതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്ന ഒരു വിഭാഗം കുട്ടികളാണെന്ന് ഈ ഹരജി ചൂണ്ടിക്കാട്ടിയിരുന്നു. കുടിയേറ്റ തൊഴിലാളികൾക്കായി സംസ്ഥാനങ്ങൾ ആശ്വാസ നടപടി എടുത്തിട്ടുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലും ക്വാറൻറീൻ കേന്ദ്രങ്ങളിലും ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്കും കുട്ടികൾക്കുമായി എന്തു ചെയ്തുവെന്ന ഒരു റിപ്പോർട്ട് കേന്ദ്ര സർ
ക്കാറോ സംസ്ഥാന സർക്കാറുകേളാ പുറത്തിറക്കിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. അപ്രതീക്ഷിത ലോക്ഡൗൺ സൃഷ്ടിച്ച അസാധാരണ ദുരിതത്തിൽ കുടിയേറ്റ കുട്ടികളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾപോലും നിരസിക്കപ്പെട്ടു.
കുട്ടികൾ, നവജാത ശിശുക്കൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർക്കായി എന്തു ചെയ്തുവെന്നോ ബാധിക്കപ്പെട്ടവർ എത്രയെന്നോ ഇന്നുവരെ ഒരു കണക്കും പുറത്തുവന്നിട്ടില്ലെന്നും ഹരജിയിൽ ബോധിപ്പിക്കുന്നു. കുടിയേറ്റ കുടുംബങ്ങളിൽ എത്ര കുട്ടികളുണ്ട്, അവരിൽ എത്ര നവജാത ശിശുക്കളുണ്ട്, ഈ കുടുംബങ്ങൾ എവിടെയൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.