നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈകോടതിയുടെ വിധിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പി.ജി മനുവിന് കീഴടങ്ങാന്‍ പത്തു ദിവസത്തെ സമയം സുപ്രീം കോടതി നൽകിയിട്ടുണ്ട്. ഇയാൾക്കുവേണ്ടി സീനിയര്‍ അഭിഭാഷകന് വി. ഗിരി, അഭിഭാഷകന് എം.ആര്. അഭിലാഷ് എന്നിവർ ഹാജരായി. അതിജീവിതയ്ക്ക് വേണ്ടി അഭിഭാഷക ശോഭ ഗുപ്ത, അഭിഭാഷകന് പ്രശാന്ത് പദ്മനാഭന് എന്നിവരും ഹാജരായി.
2018ൽ പീഡനത്തിനിരയായ 24കാരി ഈ കേസുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയാണ് പി.ജി മനുവിനെ സമീപിച്ചത്. മാതാപിതാക്കളോടൊപ്പം ചെന്ന ആദ്യ ദിവസം മുതൽ മനു പീഡനത്തിനിരയാക്കിയെന്നാണ് റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നത്. ഒക്ടോബർ ഒമ്പതിനാണ് ഈ സംഭവം. പിന്നീട് പിതാവിനൊപ്പം ഓഫിസിലെത്തിയപ്പോൾ കുറേക്കൂടി ശാരീരികമായ ആക്രമണം നടത്തി. മുഖത്ത് മുറിവേൽപിക്കുകയും ചെയ്തു. ഇതിനുശേഷം മറ്റാരുമില്ലാത്തപ്പോൾ വീട്ടിലെത്തിയ അഭിഭാഷകൻ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു. അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അയക്കുന്നതും പതിവായിരുന്നു.
അധികാരസ്ഥാനങ്ങളിൽ പിടിപാടുള്ളയാളായതിനാൽ ആദ്യം പുറത്തുപറയാൻ മടിച്ചു. പിന്നീട് മാതാവിനോട് കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിശ്വാസ വഞ്ചന, അധികാര ദുർവിനിയോഗം, ബലാത്സംഗം, മാനസിക പീഡനം തുടങ്ങിയവ ചേർത്താണ് കേസ്. ചോറ്റാനിക്കര പൊലീസ് കേസെടുത്ത സാഹചര്യത്തിൽ പി.ജി. മനുവിന്റെ രാജി അഡ്വക്കറ്റ് ജനറൽ രാജി ചോദിച്ച് വാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.