ബലാത്സംഗ പ്രതികളെ വിട്ടയച്ച സംഭവം: ബിൽകീസ് ബാനുവിന്‍റെ പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളുടെ മോചനകാര്യം പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിന് അനുവാദം നൽകിയ സുപ്രീംകോടതി വിധിക്കെതിരെ ബിൽകീസ് ബാനു നൽകിയ പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി. 2022 മേയിലെ ഈ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് സർക്കാർ സമിതി രൂപീകരിച്ചതും പ്രതികളെ വിട്ടയക്കാനുള്ള തീരുമാനമെടുത്തതും. അതേസമയം, പ്രതികളെ മോചിപ്പിച്ച നടപടിക്കെതിരായ ഹരജി കോടതിയുടെ പരിഗണനയിലാണുള്ളത്.
കഴിഞ്ഞ ആഗസ്റ്റിലാണ് ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ശിക്ഷയിളവ് നൽകണമെന്ന പ്രതികളുടെ അഭ്യർഥനയെ തുടർന്ന് ഒരു കമ്മറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയുമായിരുന്നു. പ്രതികളെ വിട്ടയക്കണമോയെന്ന് തീരുമാനിക്കാൻ ഗുജറാത്ത് സർക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചതിന് പിന്നാലെയായിരുന്നു വിട്ടയക്കാനുള്ള തീരുമാനം. ജസ്റ്റിസുമാരായ അജയ് റോസ്തഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെതായിരുന്നു ഈ വിധി. ഈ വിധിക്കെതിരെ നൽകിയ പുന:പരിശോധന ഹരജിയാണ് തള്ളിയത്.
ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു ബിൽക്കീസ് ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.