അനധികൃത തടങ്കല്‍ കേസ്: ഇഷ ഫൗണ്ടേഷനെതിരായ നടപടികൾ റദ്ദാക്കി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അനധികൃത തടങ്കല്‍ കേസില്‍ സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷ ഫൗണ്ടേഷനെതിരായ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു. കോയമ്പത്തൂരിലെ ഇഷ യോഗാകേന്ദ്രത്തില്‍ തന്റെ രണ്ട് പെണ്‍മക്കളെ അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി കോടതി തള്ളി. പ്രായപൂർത്തിയായ മക്കള്‍ അവരുടെ സ്വന്തം തീരുമാന പ്രകാരമാണ് ആശ്രമത്തില്‍ താമസിക്കുന്നതെന്ന് നിരീക്ഷിച്ചാണ് നടപടി സ്വീകരിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ ഇഷ യോഗാ സെന്ററിനെതിരായ മറ്റ് ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം നത്താനുള്ള മദ്രാസ് ഹൈകോടതി നിര്‍ദേശം സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
മദ്രാസ് ഹൈകോടതി കേസ് ശരിയായ രീതിയില്ല കൈകാര്യം ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വിമർശിച്ചു. 24, 27 വയസ്സുള്ളപ്പോൾ പരാതിക്കാരന്റെ മക്കൾ സ്വമേധയാ ആശ്രമത്തില്‍ ചേര്‍ന്നതാണെന്നും നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടുവെന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇഷ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദം സുപ്രീം കോടതിയെ അറിയിച്ചു. ഇവർക്ക് ഇപ്പോൾ 42ഉം 39ഉം ആണ് പ്രായം. ഇരുവരിൽ ഒരാൾ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായതോടെ ഹേബിയസ് കോർപ്പസിന് പ്രസക്തി ഇല്ലാതായെന്നും അഭിഭാഷകൻ വാദിച്ചു. വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ നടപടികൾ സ്വീകരിക്കരുതെന്ന നിരീക്ഷണത്തോടെയാണ് മദ്രാസ് ഹൈകോടതിയുടെ നിർദേശങ്ങൾ റദ്ദാക്കിയത്.
ഹൈകോടതി നിർദേശ പ്രകാരം തമിഴ്നാട് പൊലീസ് ഈ മാസമാദ്യം ഇഷ ഫൗണ്ടേഷനിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഫൗണ്ടേഷൻ സുപ്രീംകോടതിയിൽ അപ്പീൽ ഹരജി സമർപ്പിച്ചത്. യുവതികളിൽ ഒരാൾ സുപ്രീം കോടതി നടപടികളിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുത്തത്. താനും സഹോദരിയും സ്വമേധയാ ആശ്രമത്തിൽ താമസിക്കാൻ തീരുമാനിച്ചതാണെന്നും മാതാപിതാക്കളിൽനിന്ന് തങ്ങൾ ഉപദ്രവം നേരിട്ടെന്നും യുവതി പറഞ്ഞു. ഇരുവരും സ്വമേധയാ ആശ്രമത്തിൽ താമസിക്കുന്നതായുള്ള തമിഴ്‌നാട് പോലീസിന്റെ സ്റ്റാറ്റസ് റിപ്പോർട്ടും അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.