എൻ.ഐ.എക്ക് തിരിച്ചടി; ആനന്ദ് തെൽതുംബ്ഡെയുടെ ജാമ്യത്തിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ഭീമ കൊറെഗാവ് കേസിൽ ആനന്ദ് തെൽതുംബ്ഡെക്ക് ജാമ്യമനുവദിച്ച ബോംബൈ ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് എൻ.ഐ.എ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
ഈ ഹരജി പരിഗണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. ഇതോടെ ജയിലിൽ കഴിയുന്ന ആനന്ദ് തെൽതുംബ്ഡെക്ക് പുറത്തിറങ്ങാനാകും.
ജസ്റ്റിസ് എ.എസ്. ഗഡ്കരി, ജസ്റ്റിസ് എം.എൻ. ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞയാഴ്ചയാണ് ആനന്ദ് തെൽതുംബ്ഡെക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യത്തിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ കോടതി എൻ.ഐ.എക്ക് ഒരാഴ്ച സമയം നൽകിയിരുന്നു. ഭീമ കൊറെഗാവ് കേസിൽ ഐ.ഐ.ടി മുൻ പ്രഫസറും ചിന്തകനുമായ ആനന്ദ് തെൽതുംബ്ഡെയെ 2020 ഏപ്രിലിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
തീവ്രവാദ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളിത്തം, ഗൂഢാലോചനയിൽ ഭാഗമാകൽ എന്നീ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെൽതുംബഡെയ്ക്ക് എതിരെ നിലനിൽക്കുന്നുള്ളൂവെന്നും ജാമ്യമനുവദിച്ച് കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഭീമ കൊറെഗാവ് കേസിൽ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെയാളാണ് തെൽതുംബ്ഡെ. നേരത്തെ, കവി വരവരറാവുവിന് മെഡിക്കൽ ജാമ്യവും അഭിഭാഷക സുധ ഭരദ്വാജിന് സ്വാഭാവിക ജാമ്യവും കോടതി അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.