വിദ്വേഷ വിഡിയോ: ബി.ജെ.പി അനുകൂലിയായ യൂട്യൂബറുടെ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: വിദ്വേഷ പ്രചാരണത്തിനായി വ്യാജ വിഡിയോ പ്രചരിപ്പിച്ച ബി.ജെ.പി അനുകൂലിയായ യൂട്യൂബർ മനീഷ് കശ്യപിന്‍റെ ഹരജി സുപ്രീംകോടതി തള്ളി. തനിക്കെതിരെ തമിഴ്നാട്ടിലും ബിഹാറിലും രജിസ്റ്റർ ചെയ്ത 19 എഫ്.ഐ.ആറുകൾ ഒറ്റ കേസായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം തള്ളിയ സുപ്രീംകോടതി, ദേശീയ സുരക്ഷാ നിയമം ചുമത്തിയത് റദ്ദാക്കണമെന്ന ആവശ്യത്തിൽ ഹൈകോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
തമിഴ്നാട് പോലെ ശാന്തമായ ഒരിടത്താണ് നിങ്ങൾ അശാന്തി പടർത്താൻ ശ്രമിച്ചതെന്ന് ചീഫ് ജസ്റ്റിസ് മനീഷ് കശ്യപിനോട് പറഞ്ഞു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്ന് കശ്യപിന്‍റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കശ്യപ് മാധ്യമപ്രവർത്തകൻ പോലുമല്ലെന്നും ബിഹാറിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ടീയക്കാരനാണെന്നും തമിഴ്നാട് സർക്കാറിന് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. ഇയാളുടെ യൂട്യൂബ് ചാനലിന് ആറ് ലക്ഷത്തിലേറെ വരിക്കാരുണ്ടെന്നും സിബൽ ചൂണ്ടിക്കാട്ടി. കശ്യപ് സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ വധശ്രമക്കേസും തട്ടിപ്പ് കേസും നേരത്തെയുണ്ടെന്നും ബിഹാർ സർക്കാറും വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ ഉത്തരേന്ത്യൻ കുടിയേറ്റ തൊഴിലാളികൾ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാർച്ചിൽ മനീഷ് കശ്യപ് കള്ളപ്രചരണം നടത്തിയത്. പട്‌നയിലെ ബംഗാളി കോളനിയിൽ ചിത്രീകരിച്ച വിഡിയോയാണ് തമിഴ്നാട്ടിലേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും ബിഹാർ വിരുദ്ധരായി മുദ്രകുത്താൻ ഈ വിഡിയോ ബി.ജെ.പി നേതാക്കള്‍ വ്യാപകമായി ഉപയോഗിച്ചു. തുടർന്നാണ് തമിഴ്നാട്ടിലും ബിഹാറിലും കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.